കട്ടപ്പന: മദ്യപിച്ചെത്തി ക്രൂരമായി മര്‍ദിച്ച ഭര്‍ത്താവിനെ കാപ്പിവടികൊണ്ടു തലയ്ക്കടിച്ചു കൊന്ന് ഭാര്യ. ഇടുക്കിയിലാണ് സംഭവം. വണ്ടന്മേട് പുതുവല്‍ കോളനിയില്‍ രഞ്ജിത്തിനെയാണ്(38) വീട്ടുമുറ്റത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ അന്നൈലക്ഷ്മിയെ(28) പൊലീസ് അറസ്റ്റ് ചെയ്തു. അന്നൈലക്ഷ്മിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
തന്റെ ജന്മദിനത്തിലും മദ്യപിച്ചെത്തി മര്‍ദിച്ചതാണ് അന്നൈലക്ഷ്മിയെ ക്ഷുഭിതയാക്കിയത്. കഴിഞ്ഞ ആറാം തിയതി രാത്രി പത്ത് മണിയോടെയാണ് രഞ്ജിത്തിനെ വീട്ടുമുറ്റത്തു മരിച്ച നിലയില്‍ കണ്ടെത്തിയത്. വീണു മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം.
മരണത്തില്‍ സംശയം തോന്നിയതോടെ നടത്തിയ അന്വേഷണത്തിലാണ് അന്നൈലക്ഷ്മി കുറ്റം സമ്മതിച്ചത്. മദ്യപിച്ചെത്തി രഞ്ജിത് പതിവായി ഭാര്യയെയും സ്വന്തം അമ്മയെയും ഉപദ്രവിക്കുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അന്നൈലക്ഷ്മിയുടെ ജന്മദിനത്തിലും പതിവുപോലെ രഞ്ജിത് വഴക്കുണ്ടാക്കി.
തടസ്സം പിടിച്ച അമ്മയെയും ഉപദ്രവിച്ചു. ഇതിനിടെ അന്നൈലക്ഷ്മി രഞ്ജിത്തിനെ പിടിച്ച് തള്ളി. കല്‍ഭിത്തിയില്‍ തലയിടിച്ചു വീണ ഇയാള്‍ എഴുന്നേറ്റിരുന്നപ്പോള്‍ കാപ്പിവടികൊണ്ട് തലയ്ക്ക് അടിച്ചെന്ന് അന്നൈലക്ഷ്മി പൊലീസിനോട് പറഞ്ഞു. പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ള വ്യക്തിയാണ് രഞ്ജിത്.