കോട്ടയം: മലയാളി യുവാവിനെ അമേരിക്കയിലേക്കുള്ള കപ്പല്‍ യാത്രയ്ക്കിടെ കാണാതായതില്‍ ദുരൂഹത. കുറിച്ചി സ്വദേശിയായ ജസ്റ്റിന് കുരുവിളയെയാണ് കാണാതായത്. ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്ക് പോയ ചരക്ക് കപ്പലിലെ ജീവനക്കാരനായിരുന്നു.
അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള കപ്പല്‍ യാത്രക്കിടെയാണ് ജസ്റ്റിനെ കാണാതായത്. ജസ്റ്റിനെ കണ്ടെത്താനായില്ലെന്ന് കപ്പല്‍ അധികൃതര്‍ കുടുംബത്തെ അറിയിച്ചു. ഇതോടെ ജസ്റ്റിന്റെ തിരോധാനത്തിലെ ദുരൂഹത നീക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യ മന്ത്രാലയത്തിന് പരാതി നല്കി.
also read; ആരോഗ്യനില തൃപ്തികരം, മലയിലെ പാറയിടുക്കില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബു ഇന്ന് ആശുപത്രി വിടും
കഴിഞ്ഞ ശനിയാഴ്ചയാണ് ജസ്റ്റിന്റെ അമ്മ അവസാനമായി മകന് ജസ്റ്റിനുമായി ഫോണില്‍ സംസാരിച്ചത്. ആഫ്രിക്കയില്‍ നിന്നും അമേരിക്കയിലേക്കുള്ള യാത്രയിലാണെന്നും സുഖമായി ഇരിക്കുന്നുവെന്നും വീഡിയോ കോളില്‍ ജസ്റ്റിന് പറഞ്ഞിരുന്നു.
എന്നാല്‍ ഞായറാഴ്ച മുതല്‍ ജസ്റ്റിനെ കുടുംബാംഗങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. യാത്രയിലായതിനാല്‍ നെറ്റ്വര്‍ക്ക് പ്രശ്നം കാരണമായിരിക്കും ഇതെന്നാണ് കരുതിയത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ കപ്പല്‍ കമ്പനിയുടെ അധികൃതര്‍ ജസ്റ്റിനെ കാണാനില്ലെന്ന് കുടുംബത്തെ അറിയിച്ചു.
എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാത്തത് സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. ജസ്റ്റിനെ കണ്ടെത്തണമെന്നാവശ്യവുമായി കുടുംബം വി മുരളീധരന് ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ക്ക് പരാതി നല്കി.