കൊച്ചി: കൊച്ചിയില്‍ സുഗന്ധവ്യഞ്ചനങ്ങളും തൈലങ്ങളും നിര്‍മ്മിക്കുന്ന കമ്പനിക്ക് തീപിടിച്ചു. കളമശേരിയിലെ ഗ്രീന്‍ ലീഫ് എക്സ്ട്രാക്ഷന്‍സ് എന്ന കമ്പനിയിലാണ് തീപിടിത്തം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഫയര്‍ഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
കമ്പനിയിലെ ഓയില്‍ സൂക്ഷിച്ചിരുന്ന ടാങ്കിനാണ് തീപിടിച്ചത്. ചെടികളില്‍ നിന്നും മറ്റ് ഔഷധ സസ്യങ്ങളില്‍ നിന്നും എണ്ണ വേര്‍തിരിച്ചെടുക്കുന്ന കമ്പനിയാണിത്. ഓയില്‍ എക്സ്ട്രാക്ഷന്‍ യൂണിറ്റായതിനാല്‍ തീ പല ഭാഗങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നുണ്ട്.
also read: മലയില്‍ കുടുങ്ങിയ യുവാവിന്റെ അടുത്ത് രക്ഷാപ്രവര്ത്തകന് എത്തി, വെള്ളവും ഭക്ഷണവും നല്കി
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആറ് ഫയര്‍ യൂണിറ്റികള്‍ നിലവില്‍ ഇവിടെയുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കൂടുതല്‍ ഫയര്‍ യൂണിറ്റുകളോട് ഇവിടേക്കെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ കോളജ് ആശുപത്രിക്ക് സമീപമാണ് സ്ഥാപനം സ്ഥിതിചെയ്യുന്നത്. അതേസമയം, തീ പടര്‍ന്നത് എങ്ങനെയാണെന്ന പ്രാഥമിക നിഗമനത്തിലേക്കെത്തിയിട്ടില്ല. ആളപായമില്ല.