കോട്ടയം; പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കൂടുതല്‍ പ്രതികരണ ശേഷി കൈവരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്.
വാവാ സുരേഷിന് അടുത്ത 7 ദിവസവും നിര്‍ണായകമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ പുരോഗതി കൈവരിക്കുകയും അവയവങ്ങളുടെ പ്രതികരണം സ്ഥായിയായി നില്‍ക്കുകയും വേണം. എന്നാല്‍ മാത്രമേ വെന്റിലേറ്റര്‍ മാറ്റാന്‍ കഴിയൂ. ഡോക്ടര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്.
ശരീരത്തിലേറ്റ വിഷത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാന്‍ ഏഴുദിവസമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂര്‍ഖന്റെ കടിയേറ്റ് തിങ്കളാഴ്ചയാണ് സുരേഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആരോഗ്യനില മെച്ചമായെങ്കിലും വൈകിട്ട് പ്രതികരണം തീരെ കുറഞ്ഞ് സുരേഷ് അബോധാവസ്ഥയിലേക്കു പോയി.
തലച്ചോറിന്റെ പ്രവര്‍ത്തനവും കുറഞ്ഞു. തുടര്‍ന്ന് മരുന്നുകളുടെയും ആന്റി സ്നേക്ക് വെനത്തിന്റെയും അളവ് ഉയര്‍ത്തി. ഇതോടെ വീണ്ടും പ്രതീക്ഷയായി സുരേഷ് അര്‍ധബോധാവസ്ഥയിലേക്കു തിരിച്ചുവന്നു. കൈകളും കാലുകളും ഉയര്‍ത്തുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ നില അല്പം കൂടി മെച്ചപ്പെട്ട് കണ്ണുകള്‍ പൂര്‍ണമായും തുറന്നു. വെന്റിലേറ്ററില്‍ നിന്നു മാറ്റിയാല്‍ മാത്രമേ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ തിരിച്ചു കിട്ടിയോ എന്ന് അറിയാന്‍ കഴിയൂ എന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.