കോട്ടയം: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയ രണ്ടുപേര്‍ അറസ്റ്റില്‍. കോട്ടയത്താണ് സംഭവം. പനച്ചിക്കാട് മറ്റത്തില്‍ മനു യശോധരന് (39), ചപ്പാത്ത് ഹെവന്‍വാലി എസ്റ്റേറ്റില്‍ സാം കോര (33) എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട് കമ്പം ഗവ. ആശുപത്രിയിലെ ഡോക്ടര്‍ കനി മലറിനെയാണ് തട്ടിക്കൊണ്ടുപോയി അരലക്ഷം രൂപ തട്ടിയെടുത്തത്. ഏലപ്പാറയില്‍ സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോക്ടറുടെ അടുത്തെത്തിയ ഇവര്‍ തങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആണെന്നു പറഞ്ഞു പരിചയപ്പെടുത്തി.
also read: ടിവി, സോഫ, മൊബൈല്‍ ഫോണ്‍, പിന്നെ പ്രത്യേക ഭക്ഷണവും; സ്ഥരം കുറ്റവാളിക്ക് ജയിലില്‍ സുഖവാസം
ഡോക്ടര്‍ കമ്പത്ത് ആണെന്ന് പറഞ്ഞതോടെ ക്ലിനിക്കില്‍ നിന്ന് ഒരു ജീവനക്കാരനെയും കാറില്‍ കയറ്റി ഇവര്‍ തമിഴ്നാട്ടിലേക്കു പോയി. കമ്പത്ത് എത്തിയ ശേഷം കനിമലറിനെ കണ്ട ഇവര്‍ തിരുവനന്തപുരത്തു നിന്നെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആണെന്നു പറഞ്ഞു. ഡോക്ടറുടെ പേരില്‍ കേസുള്ളതിനാല്‍ ചോദ്യം ചെയ്യാന്‍ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഇവര്‍ വന്ന കാറില്‍ ഡോക്ടറെയും കയറ്റി കുമളിയിലേക്കു പുറപ്പെട്ടു. കേസ് ഒഴിവാക്കി നല്‍കാമെന്നു പറഞ്ഞു യാത്രയ്ക്കിടെ ഇവര്‍ പണം ആവശ്യപ്പെട്ടു. ഡോക്ടറുടെ പക്കല്‍ ഉണ്ടായിരുന്ന 50,000 രൂപ വാങ്ങിയെടുത്തു. കുമളിയില്‍ എത്തിയപ്പോള്‍ ഡോക്ടറെയും ജീവനക്കാരനെയും വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടു. വീട്ടില്‍ എത്തിയ ഡോക്ടര്‍ താന്‍ കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.