തൃശൂര്‍: പെറ്റമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച മകന് അറസ്റ്റില്‍. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. കൊരട്ടി പാറകൂട്ടം സ്വദേശിനി തണ്ടേങ്ങാട്ടില്‍ വീട്ടില്‍ സുഭദ്ര (70)യെ ആക്രമിച്ച മകന് ശ്രീജന് ( 53 ) ആണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ രാത്രിയിലാണ് സംഭവം. മദ്യപിച്ച് വന്ന് ഭാര്യയെ ആക്രമിക്കുന്നത് അമ്മ ചോദ്യം ചെയ്തപ്പോള്‍ ഡൈനിങ് മേശയിലുണ്ടായിരുന്ന കുപ്പി ഗ്ലാസ്സുകൊണ്ട് തലയ്ക്കടിക്കുകയും ചുറ്റിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. മകന് മദ്യപിച്ച് വീട്ടില്‍ വന്ന് വഴക്കുണ്ടാക്കുന്നതു പതിവെന്ന് സുഭദ്ര പൊലീസിനോട് പറഞ്ഞു.
also read: കൊവിഡ് രോഗികൾ കുതിച്ചുയരുന്നു; സംസ്ഥാനത്ത് ഇന്ന് 55,475 പേർക്ക് കോവിഡ്, 30,226 പേർ രോഗമുക്തി നേടി
വിവരമറിഞ്ഞ കൊരട്ടി പൊലീസ് നൈറ്റ് പട്രോളിങ് അംഗങ്ങള്‍ സ്ഥലത്തെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റി രക്തത്തില്‍ മുങ്ങി നില്‍ക്കുകയായിരുന്ന സുഭദ്രയെ പൊലീസ് ജീപ്പില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സുഭദ്രയുടെ തലയില്‍ പത്തോളം തുന്നല്‍ ഇട്ടിട്ടുണ്ട്.
പിടിയിലായ പ്രതി മുന്‍പും വീട്ടുകാരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവില്‍ പോവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്നു വെളുപ്പിന് പിടിയിലായത് .