ആലപ്പുഴ: വീട്ടിലെ അലമാരയ്ക്ക് പിറകില്‍ ഉറങ്ങിക്കിടന്നതറിയാതെ പിഞ്ചുകുഞ്ഞിനായി നാടുമുഴുവന്‍ തിരഞ്ഞ് വീട്ടുകാരും നാട്ടുകാരും. ആലപ്പുഴ ജില്ലയിലാണ് സംഭവം. ജയചന്ദ്രന്-ചിന്താമണി ദമ്പതികളുടെ മകളായ നാല് വയസ്സുകാരി ദിയ മോള്ക്കായാണ് തിരച്ചില്‍ നടത്തിയത്.
ദിയമോള് അലമാരക്ക് പിന്നില്‍ ഉറങ്ങിയതറിയാതെ നാടും നാട്ടാരും മുള്‍മുനയിലായത് രണ്ടു മണിക്കൂറോളമാണ്. ചിന്താമണി സെക്രട്ടേറിയറ്റ് ജീവനക്കാരി ആയതിനാലും ജയചന്ദ്രന് കേബിള്‍ വര്‍ക്ക് തിരക്കുകള്‍ ഉള്ളതിനാലും ജയചന്ദ്രന്റെ കുതിരപ്പന്തിയിലെ സഹോദരിയുടെ വീട്ടിലാണ് കുഞ്ഞ് വളരുന്നത്.
also read: ഭക്ഷണം കഴിക്കുന്നതിനിടെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി, 28കാരനെ വെട്ടിക്കൊന്നു
രാവിലെ ഒമ്പതരയോടെയാണ് സംഭവം. കുട്ടി കട്ടിലില്‍ കിടക്കുന്നത് വീട്ടുകാര്‍ കണ്ടതാണ്. 10 മിനിറ്റിനുശേഷം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ഇല്ല. ഉടന്‍ പൊലീസിനെ അറിയിച്ചതോടെ ജില്ല പൊലീസ് മേധാവി അടക്കമാണ് രംഗത്തിറങ്ങിയത്. എല്ലാ ഗ്രൂപ്പുകളിലേക്കും കുട്ടിയുടെ ചിത്രവും വിവരങ്ങളും വ്യാപകമായി പ്രചരിപ്പിച്ചു.
പത്തര മണിയായിട്ടും കണ്ടെത്താനാകാഞ്ഞത് ഭീതി പരത്തി. ആശങ്കയുടെ ഒരുമണിക്കൂര്‍ കൂടി കടന്ന സമയത്താണ് വഴിത്തിരിവുണ്ടായത്. ഭിത്തിയിലേക്ക് അലമാരി ചേര്‍ത്ത വിടവില്‍ കയറി ഉറങ്ങിപ്പോയതായിരുന്നു കുഞ്ഞ്. വീടില് എല്ലാ ഭാഗത്തും പരിസരത്തും നോക്കിയിരുന്നെങ്കിലും ആരും പ്രതീക്ഷിക്കാത്തതായിരുന്നു ഈ ഇടം.
കുഞ്ഞിനെ കണ്ട, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സന്തോഷവും നിശ്വാസവും ഒരേപോലെയായി. ഒന്നുമറിയാതെ നിഷ്കളങ്കമായി നാട്ടുകാര്‍ക്ക് മുന്നിലെത്തിയപ്പോള്‍ ബന്ധുക്കളും അയല്‍ക്കാരും ഉമ്മകള്‍കൊണ്ട് മൂടി.