എറണാകുളം: ഇരുപത്തിയെട്ടുകാരനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി വെട്ടിക്കൊന്നു. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് നാടിനെ നടുക്കുന്ന സംഭവം. വട്ടപ്പറമ്പന്‍ താജുവിന്റെ മകന് അന്‍സില്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് അന്‍സിലിനെ ആക്രമിച്ചത്. രാത്രി പത്തരയോടെയായിരുന്നു സംഭവം. വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അന്‍സിലിനെ ചിലര്‍ ചേര്‍ന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ അന്‍സില്‍ വെട്ടേറ്റ് വീണതായി കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ പിതാവും സഹോദരനും ചേര്‍ന്ന് അന്‍സിലിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുണ്ടാ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല.
റിയല്‍ എസ്റ്റേറ്റ് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളായിരുന്നു അന്‍സിലെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്‍സിലിന്റെ പിതാവ് താജു ഓട്ടോ ഡ്രൈവറാണ്. അന്‍സിലിന്റെ ജോലി എന്തെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. ഗുണ്ടാ ആക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.