കോട്ടയം: പ്രണയത്തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയതിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി. കോട്ടയത്താണ് സംഭവം. വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിനു സമീപം മാമ്പ്രയില്‍ ഹേമാലയത്തില്‍ (അഞ്ചുതൈക്കല്‍) പരേതനായ ഗിരീഷിന്റെ മകന് ഗോപി വിജയാണ് (19) തൂങ്ങി മരിച്ചത്.
യുവാവ് മരിച്ചതിന് പിന്നാലെ കാണാതായ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ ചൊവ്വാഴ്ച രാവിലെ സമീപത്തെ വയലില്‍ തളര്‍ന്നു കിടക്കുന്ന നിലയിലാണ് നാട്ടുകാര്‍ കണ്ടെത്തിയത്. രാത്രി മുഴുവന്‍ പ്രദേശത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്കി.
also read: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ‘ഇഹു’ സ്ഥിരീകരിച്ചു, ഒമിക്രോണിന് പിന്നാലെ വീണ്ടും ആശങ്കയില്‍ ലോകം
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയും പെണ്‍കുട്ടിയെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്തു വച്ചാണ് യുവാവ് ജീവനൊടുക്കിയത്. പിന്നാലെയാണ് പെണ്‍കുട്ടി ഇവിടെ നിന്ന് ഓടിപ്പോയത്.
സ്ഥലത്ത് നിന്ന് ബാഗും ഗോപി എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. പ്രണയം സംബന്ധിച്ച് കാമുകിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കത്തിലുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.