കുട്ടനാട്: ജീവിതപ്രാരാബ്ദങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉപ്പേരി വില്‍പ്പനയ്ക്കിറങ്ങി മാന്ത്രികന്. വേദികളില്‍ മായാജാലംകാട്ടി വിസ്മയപ്പെടുത്തിയിരുന്ന കുട്ടനാട്ടുകാരനായ മാന്ത്രികന് മനു മങ്കൊമ്പാണ് ജീവിക്കാന്‍ ഉപ്പേരി വില്‍പ്പനയ്ക്കിറങ്ങിയത്. കൊവിഡ് കാരണം വരുമാനം നഷ്ടപ്പെട്ട് കുടുംബം പോറ്റാനായി പോരടിക്കുന്ന ആയിരങ്ങളിലൊരുവനാണ് ഈ മാന്ത്രികനിപ്പോള്.
മങ്കൊമ്പ് കവലയിലെ തന്റെ ‘വിസ്മയം’ കടയിലാണ് മാന്ത്രികന് ഉപ്പേരി വറുത്ത് വില്‍ക്കുന്നത്. 2018-ലെ പ്രളയം താന്‍ ഇതുവരെ സ്വരുക്കൂട്ടിയതെല്ലാം കണ്മുന്നില്നിന്ന് ഒറ്റരാത്രികൊണ്ട് ഇല്ലാതാക്കി. പിന്നാലെ പട്ടിണിയിലേക്കു തള്ളിവിട്ട് കൊവിഡ് മഹാമാരി എത്തി.
860-ലധികം ഫയര്‍ എസ്കേപ്പ് നടത്തി ഗിന്നസ് പുസ്തകത്തില്‍ ഇടംപിടിച്ചയാളാണ് മനു. പ്രളയത്തില്‍ 26 ലക്ഷം രൂപ വിലവരുന്ന മായാജാല ഉപകരണങ്ങളും സമ്പാദ്യവും മനുവിനു നഷ്ടപ്പെട്ടത് കണ്ണുംപൂട്ടി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതുകൊണ്ടായിരുന്നു.
കുറെയധികം ജീവന് രക്ഷിക്കാനായതു മാത്രമായിരുന്നു ആശ്വാസം. ഉള്ള പൊന്നും പണ്ടങ്ങളും പണയംവെച്ചും വായ്പയെടുത്തും ഉപജീവനത്തിനു വേണ്ട ഉപകരണങ്ങള്‍ വീണ്ടും സ്വന്തമാക്കി. വേദികള്‍ കിട്ടിത്തുടങ്ങിയപ്പോഴാണ് കോവിഡ് പിടിമുറുക്കിയതും പരിപാടികള്‍ നിലച്ചതും.
മുന്നില്‍ പെരുകിവരുന്ന കടം, പലിശ. വരുമാനമാര്ഗമില്ലാതായതോടെ മറ്റൊന്നും നോക്കിയില്ല. കൈനീട്ടാതെ കഴിയാന്‍ ഉപ്പേരിയും മിക്സ്ചറും എണ്ണപ്പലഹാരങ്ങളും ഉണ്ടാക്കി വില്ക്കാന് തുടങ്ങി. സഹായിയെ വെച്ചാണ് സംരംഭം തുടങ്ങിയതെങ്കിലും പാതിവഴിക്ക് ഒറ്റയ്ക്കായി. ഭാര്യ പ്രീതിയുണ്ട് സഹായത്തിന്.
മകള്‍ ചൈതന്യ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്.10 ലക്ഷം രൂപയ്ക്കുമേല്‍ കടമുണ്ട് കുടുംബത്തിന്. കടയില്‍ ഇപ്പോള്‍ കേക്ക്, സര്‍ബത്ത്, വിവിധയിനം ഉപ്പേരികള്‍ എന്നിവ വില്‍ക്കുന്നുണ്ട്. എ സി റോഡിന്റെ പണികാരണം കാര്യമായ കച്ചവടമില്ലെങ്കിലും എല്ലാം നേരെയാകുമെന്ന പ്രതീക്ഷയുണ്ട്- മനു പറഞ്ഞു.