തൃശ്ശൂര്‍: വിപിന്റെ സഹോദരി വിദ്യയുടെ കഴുത്തില്‍ താലിചാര്‍ത്തി നിധിന്. സഹോദരിയുടെ വിവാഹം നടത്താന്‍ വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങുമോയെന്ന ഭയത്തില്‍ വിപിന്‍ ആത്മഹത്യ ചെയ്ത സംഭവം കേരളക്കര വേദനയോടെയാണ് കേട്ടത്.
പാറമേക്കാവ് അമ്പലത്തില്‍ വെച്ച് 8.30-നും ഒന്‍പതിനും ഇടയില്‍ നടന്ന ചടങ്ങില്‍ വിദ്യയ്ക്ക് നിധിന് താലിചാര്‍ത്തി. വിവാഹശേഷം ദമ്പതിമാര്‍ നിധിന്റെ കയ്പമംഗലത്തെ വീട്ടിലേക്ക് പോകും. ഡിസംബര്‍ ആറിനായിരുന്നു വിപിന്‍ ജീവനൊടുക്കിയത്.
also read: ആറാക്ലാസ് വിദ്യാര്‍ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
ഡിസംബര്‍ പന്ത്രണ്ടിനായിരുന്നു ഈ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയവിവാഹമായിരുന്നു. പൊന്നും പണവുമൊന്നും നിധിന് ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും, പെങ്ങള്‍ക്ക് വിവാഹത്തിന് അല്പം സ്വര്‍ണവും നല്ലവസ്ത്രവും നല്‍കാനുള്ള പ്രയത്നത്തിലാണ് കുണ്ടുവാറയിലെ മൂന്നുസെന്റിലെ ചെറിയ വീട് പണയപ്പെടുത്തി ഒരുലക്ഷമെങ്കിലും എടുക്കാന്‍ വിപിന്‍ തീരുമാനിച്ചത്.
ഡിസംബര്‍ ആറ് തിങ്കളാഴ്ച പണം നല്‍കാമെന്നും രാവിലെ എത്താനുമായിരുന്നു ധനകാര്യസ്ഥാപനം അറിയിച്ചത്. അതുപ്രകാരം പെങ്ങളെയും അമ്മയെയും സ്വര്‍ണം വാങ്ങാനായി ജൂവലറിയിലേക്കയച്ച് ധനകാര്യസ്ഥാപനത്തിലെത്തിയ വിപിന്‍ പണം നല്‍കാനാകില്ലെന്ന മറുപടിയാണ് കിട്ടിയത്. തുടര്‍ന്ന് മനംനൊന്ത് വീട്ടില്‍ ആത്മഹത്യചെയ്യുകയായിരുന്നു.