വള്ളിക്കുന്ന്: ഭര്‍ത്താവും വീട്ടുകാരും തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന് പരാതിയുമായി യുവതി. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ കൂട്ടുമൂച്ചിയിലെ ഇഷാന ഫാത്തിമയാണ് ഭര്‍ത്താവ് കുന്നുംപുറം സ്വദേശി അഹമ്മദ് ഫൈസലിനും മാതാവ് സുബൈദക്കുമെതിരെ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കിയത്.
തന്നെ വീട്ടില്‍ താമസിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഭര്‍ത്താവിന് ഒരു വിവാഹം കൂടി കഴിക്കാന്‍ തന്നെ വീട്ടില്‍ നിന്ന് അടിച്ചിറക്കിയെന്നും യുവതി പരാതിപെട്ടു. 12 വര്‍ഷം മുന്‍പ് വിവാഹിതരായ ഇഷാന ഫാത്തിമ – അഹമ്മദ് ഫൈസല്‍ ദമ്പതിമാര്‍ക്ക് രണ്ട് പെണ്‍കുട്ടികളുണ്ട്.
കുട്ടികളേയും തന്നെയും ഭര്‍ത്താവ് വീട്ടില്‍ നിന്ന് മര്‍ദ്ദിച്ച് പുറത്താക്കിയെന്ന് ഇഷാന ഫാത്തിമ പറഞ്ഞു. വിവാഹ സമയത്ത് നല്കിയ നൂറുപവനോളം വരുന്ന സ്വര്‍ണാഭരങ്ങളില്‍ ഒരു വിഹിതമെടുത്താണ് വീട് നിര്‍മ്മിച്ചത്. പിതാവ് ഏഴു ലക്ഷത്തോളം രൂപയുടെ ഫര്‍ണിച്ചറുകളും വീട്ടിലേക്ക് വാങ്ങി നല്കി.
ബാക്കി സ്വര്ണാഭരങ്ങള#് ഭര്‍ത്താവ് കൈവശം വച്ചിരിക്കുകയാണ്. വസ്ത്രങ്ങളോ കുട്ടികളുടെ പാഠപുസ്തകങ്ങളോ പോലും വീട്ടില്‍ നിന്നും എടുക്കാന്‍ അനുവദിക്കുന്നില്ലെന്നും ഇഷാന ഫാത്തിമ പരാതിപെട്ടു. എന്നാല്‍ ഇഷാന ഫാത്തിമയെ മര്‍ദ്ദിച്ചിട്ടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയതാണെന്നുമാണ് ഭര്‍ത്താവ് അഹമ്മദ് ഫൈസലിന്റെ വിശദീകരണം.