കൊച്ചി: ക്രിസ്മസ് ആഘോഷത്തിനിടെ കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടല്‍. തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘര്‍ഷം പൊലീസിനു നേരെയും നാട്ടുകാര്‍ക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികള്‍ രണ്ട് പൊലീസ് ജീപ്പ് കത്തിച്ചു.
നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. രാത്രി 12 മണിയോടെ കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 150 പേരെ കസ്റ്റഡിയിലെടുത്തു. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.
പൊലീസ് കണ്ട്രോള് റൂമില്‍ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസിന് നേരെയും അവര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് എത്തിയ ജീപ്പ് നൂറോളം വരുന്ന തൊഴിലാളികള്‍ ചേര്‍ന്ന് അടിച്ചു തകര്‍ത്തു. പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു.
തുടര്‍ന്ന് സംഭവം അന്വേഷിക്കാനെത്തിയ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പ് തൊഴിലാളികള്‍ അഗ്നിക്കിരയാക്കി. പൊലീസുകാര്‍ ജീപ്പില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. വാഹനം പൂര്‍ണമായും കത്തിനശിച്ചു. കുന്നത്തുനാട് സി.ഐയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റു. എ.എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കും പരിക്കേറ്റു.