കാക്കനാട്: അബദ്ധത്തില്‍ മൊട്ടുസൂചി വിഴുങ്ങി പത്താം ക്ലാസുകാരി, പുറത്തടുത്തത് 10 മണക്കൂറിന് ശേഷം. കാക്കനാട് അത്താണി തുരുത്തേപറമ്പില്‍ വീട്ടില്‍, ഡ്രൈവറായ ഷിഹാബിന്റെ മകള്‍ ഷബ്ന (15) യാണ് വസ്ത്രത്തില്‍ കുത്താനായി കടിച്ചുപിടിച്ച മൊട്ടുസൂചി അബദ്ധത്തില്‍ വിഴുങ്ങിയത്.
ഞായറാഴ്ച രാത്രി എട്ടരയോടെ സംഭവം. ഷിഹാബും കുടുംബവും ഒരു ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കവേ ഷബ്ന തലയില്‍ ധരിച്ചിരുന്ന മഫ്ത അഴിഞ്ഞു പോവുകയും അത് കുത്താന്‍ വേണ്ടി കടിച്ചുപിടിച്ച സൂചി വിഴുങ്ങിപ്പോവുകയായിരുന്നു.
6 സെന്റിമീറ്റര്‍ നീളവും വലിയ മൊട്ടുള്ളതുമായിരുന്ന സൂചിയാണ് പെണ്‍കുട്ടി വിഴുങ്ങിപ്പോയത്. ഉടന്‍ തന്നെ വീട്ടുകാര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എക്സ്റേ എടുത്തപ്പോള്‍ ഉള്ളില്‍ കുടുങ്ങിയ നിലയില്‍ സൂചി കണ്ടു. ഇത് പുറത്തെടുക്കാന്‍ ശ്രമിച്ചങ്കിലും കഴിഞ്ഞില്ല.
പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളില്‍ പേയെങ്കിലും അവിടെ നിന്നും സൂചി പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ അര്‍ധരാത്രിയോടെ ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയിലേക്ക് പോവുകയും അവിടെ നിന്നുമെടുത്ത എക്സ്റേയില്‍ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഇടയില്‍ കുടുങ്ങിയ നിലയില്‍ മൊട്ടുസൂചി കണ്ടെത്തുകയും ചെയ്തു.
ആമാശയത്തില്‍ കുടുങ്ങിയ മൊട്ടുസൂചി തിങ്കളാഴ്ച രാവിലെയോടെ ഒരു മണിക്കൂര്‍ നീണ്ട എന്‍ഡോസ്കോപ്പി വഴിയാണ് പുറത്തെടുത്തത്. പത്ത് മണിക്കൂറോളമാണ് കുട്ടി കടുത്ത വേദന സഹിച്ചത്.