തിരുവനന്തപുരം: കേരളം ഒമിക്രോണ്‍ ഭീതിയിലായിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും നാളെയും കോവിഡ് വാക്സിനേഷന് യജ്ഞം. ഇതുവരെ കോവിഡ് വാക്സിന് എടുക്കാത്തവര്‍ ഉടന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
രണ്ടാം ഡോസ് എടുക്കാന്‍ സമയം കഴിഞ്ഞവരും എത്രയും വേഗം വാക്സിന് സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര യാത്രികര്‍ സ്വയം നിരീക്ഷണത്തിലിരിക്കേണ്ടതും, ക്വാറന്റെയ്ന് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നും എത്തുന്നവരും ക്വാറന്റെയ്ന് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.
യാതൊരു കാരണവശാലും കുടുംബാംഗങ്ങളുമായോ, മറ്റുള്ളവരുമായോ, പൊതു ഇടങ്ങളിലോ ഇടപഴകരുത്. സിനിമാ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, റസ്റ്റോറന്റുകള്‍, ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നത് ഒഴിവാക്കണം. ക്വാറന്റെയ്ന് നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന .പ്രതിരോധ മാര്‍ഗ്ഗങ്ങളായ മാസ്കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും കര്‍ശനമായി പാലിച്ചാല്‍ മാത്രമേ ഒമിക്രോണ്‍ ഭീഷണിയെ ഫലപ്രദമായി നേരിടുവാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു