ന്യൂഡല്‍ഹി: യുവനടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ വിടുതല്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ദിലീപ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ നിന്നും ഒഴിവാക്കണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് 2020 ല്‍ ദിലീപ് സുപ്രീംകോടതിയ സമീപിച്ചത്.
അതേസമയം, കേസിലെ വിചാരണ അന്തിമഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യം അപ്രസക്തമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എറണാകുളത്തെ വിചാരണക്കോടതിയില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.
2017 ഫെബ്രുവരിയിലാണ് നടിക്കെതിരെ ആക്രമണമുണ്ടായത്. ഫെബ്രുവരി 17 ന് കൊച്ചിയില്‍ ദേശീയപാതയിലൂടെ സഞ്ചരിച്ച സിനിമാനടിയുടെ വാഹനത്തില്‍ അതിക്രമിച്ചു കയറിയ അക്രമിസംഘം താരത്തെ ആക്രമിക്കുകയും അപകീര്‍ത്തികരമായി ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയുമായിരുന്നു.