മലപ്പുറം: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മലപ്പുറം ജില്ലയിലെ ഹാജിയാര്‍പള്ളി കോല്മണ്ണയിലാണ് അപകടം. മമ്പാട് സ്വദേശി മജീദ് (42) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന മമ്പാട് സ്വദേശി റഹൂഫിന് ഗുരുതര പരിക്കേറ്റു.
റഹൂഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം. മലപ്പുറം ഭാഗത്തേയ്ക്ക് പോകുകയായിരിന്ന സ്വിഫ്റ്റ് കാറും പരപ്പനങ്ങാടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
തെറ്റായ വശത്തിലൂടെ വന്ന കാര്‍ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. യാത്രക്കാരെ സ്റ്റോപ്പില്‍ ഇറക്കി ഉടനെ മുന്നോട്ട് എടുത്ത ബസ് കാറിന്റെ വരവ് കണ്ട് നിര്‍ത്തി നല്‍കിയെങ്കിലും നിയന്ത്രണം വിട്ട് ബസിന്റെ മുന്‍ ഭാഗത്തു ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മജീദ് മരണപ്പെടുകയായിരുന്നു.