ശ്രീനഗര്‍: ടെന്റിന് തീപിടിച്ച് മലയാളി ജവാന് ദാരുണാന്ത്യം. കശ്മീര്‍ അതിര്‍ത്തിയില്‍ കാവല്‍ ജോലിയിലായിരുന്ന ബിഎസ്എഫ് ജവാന് അനീഷ് ജോസഫ് ആണ് മരിച്ചത്. തീപിടിച്ച ടെന്റില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയായിരുന്നു അനീഷ് അപകടത്തില്‍പ്പെട്ടത്.
ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയാണ് അനീഷ്. കശ്മീര്‍ അതിര്‍ത്തിയിലെ ബാരമുള്ളാ ഭാഗത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ടെന്റില്‍ ഒറ്റയ്ക്ക് നിരീക്ഷണ ജോലിയിലായിരുന്നു അനീഷ് ജോസഫ്. ഇതിനിടെ ഇദ്ദേഹം തങ്ങിയ ടെന്റിന് തീപിടിക്കുകയായിരുന്നു.
also read: തലവേദന മാറ്റാന്‍ ആള്‍ദൈവത്തിനടുത്ത് ചികിത്സക്കെത്തി, തലയ്ക്കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം
ടെന്റില്‍ നിന്നും ചാടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പതിനഞ്ച് അടിയോളം താഴ്ചയിലേക്ക് അനീഷ് വീഴുകയുമായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ അനീഷ് മരണപ്പെടുകയുമായിരുന്നുവെന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.
അനീഷിന്റെ മൃതദേഹം ഇന്നോ നാളെയോ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും എന്നാണ് വിവരം. അവിടെ നിന്നും മൃതദേഹം സ്വദേശമായ കൊച്ചു കാമാക്ഷിയിലേക്ക് കൊണ്ടു വരും. അനീഷിന്റെ ഭാര്യ സിആര്‍പിഎഫ് ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്.