കോഴിക്കോട്: ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് കോഴിക്കോട് യുവതിയും രണ്ട് മക്കളും തീകൊളുത്തി ജീവനൊടുക്കിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. പേരാമ്പ്ര മുളിയങ്ങല്‍ നടുക്കണ്ടി പ്രിയ(32), മക്കളായ പുണ്യതീര്‍ത്ഥ(13), നിവേദിത (4) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30ഓടേയാണ് സംഭവം.
ഭര്‍ത്താവ് പ്രകാശിന്റെ അകാല വിയോഗമാണ് കൂട്ടമരണത്തിലേക്ക് നയിച്ചത്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് കുടുംബനാഥന് പ്രകാശന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. പ്രിയയും കുട്ടികളും പ്രകാശനും തമ്മില്‍ കടുത്ത ആത്മബന്ധത്തിലായിരുന്നു.
ഇക്കഴിഞ്ഞ ജനുവരി 4 നാണ് ബേക്കറി തൊഴിലാളിയായ പ്രകാശന് പെട്ടെന്ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. പ്രകാശന്റെ മരണത്തിന് ശേഷം പ്രിയ അടുത്ത സുഹൃത്തുകളോടും മറ്റും ഞങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്ന് പറയുമായിരുന്നു.
മക്കള്‍ക്കൊപ്പം തീകൊളുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ പ്രവേശിപ്പിച്ചിരിക്കെയും പ്രിയ എല്ലാവരോടുമായി പറഞ്ഞതുമിതാണ്. ‘ഞങ്ങളെ രക്ഷിക്കരുത് ഞങ്ങള്‍ പ്രകാശേട്ടന്റെ അടുത്തേക്ക് പോകുകയാണ്’. കുട്ടികള്‍ മരിച്ചത് ആശുപത്രിയില്‍ വെച്ച് അറിയിച്ചപ്പോഴും പ്രിയ ഇതിനോട് പ്രതികരിച്ചിരുന്നില്ല. അതിനിടെ ഞങ്ങളെ രക്ഷിക്കരുതെന്ന് പ്രിയ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
വിവരം മൂത്ത മകള്‍ പുണ്യയോട് പറഞ്ഞിരുന്നതായും എന്നാല്‍ പാറൂട്ടി (നിവേദ്യ)യോട് ഒന്നും പറഞ്ഞില്ലെന്നും ആശുപത്രിയില്‍ കൂടെ പോയ അയല്‍വാസിയോട് പ്രിയ പറഞ്ഞിരുന്നു. തലേ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങല്‍ അങ്ങാടിലെത്തിയാണ് മണ്ണെണ്ണ വാങ്ങിയത്.