കാഞ്ഞിരപ്പള്ളി: കോട്ടയത്ത് നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി മാതാവ്. ദാരിദ്ര്യവും അപമാനവും മൂലമാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കിക്കൊന്നതെന്ന് അമ്മ പോലീസിനോട് പറഞ്ഞു.
സംഭവത്തില്‍ ഇവരുടെ മൂത്ത കുട്ടിയേയും പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. മുതിര്‍ന്ന കുട്ടിയുടെ സഹായത്തോടെയാണ് കുഞ്ഞിനെ വെള്ളത്തില്‍ ഇട്ടതെന്ന് അറസ്റ്റിലായ നിഷ പൊലീസിനോട് പറഞ്ഞു. ഇടക്കുന്നം മുക്കാലി മരൂര്‍മലയില്‍ സുരേഷിന്റെ ഭാര്യ നിഷ ആണ് പൊലീസ് കസ്റ്റഡിയിലായിരിക്കുന്നത്.
മൂന്നു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കന്നാസിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. സുരേഷിന്റെയും നിഷയുടെയും ആറാമത്തെ കുട്ടിയാണിത്. ദാരിദ്ര്യം മൂലം കുട്ടിയെ വളര്‍ത്താന്‍ കഴിയില്ലെന്ന ഭീതിയും നാട്ടുകാരുടെ പരിഹാസവും ഭയന്നാണ് കുഞ്ഞിനെ കൊന്നതെന്നു നിഷ പറഞ്ഞു.
ഒരുവശം തളര്‍ന്നു പോയ താന്‍ മുതിര്‍ന്ന കുട്ടിയുടെ സഹായത്തോടെയാണ് കുഞ്ഞിനെ വെള്ളത്തിലിട്ടതെന്നും നിഷ പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു. കുഞ്ഞ് അബദ്ധത്തില്‍ കൈയില്‍ നിന്നു വെള്ളത്തില്‍ വീണു മരിച്ചതാണെന്നാണു നിഷ ആദ്യം പൊലീസിനു മൊഴി നല്‍കിയത്.
എന്നാല്‍ കുഞ്ഞിനെ വെള്ളത്തിലിട്ടു കൊന്നതാണെന്ന നിലയില്‍ ഇവരുടെ കുട്ടികളില്‍ ഒരാള്‍ പൊലീസിനു മൊഴി നല്കി. ഇതോടെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ നിഷ കുറ്റം സമ്മതിച്ചു.