കോഴിക്കോട്: നാദാപുരത്ത് യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. കുനിങ്ങാട് കിഴക്കയില്‍ നൂര്ജഹാന് ആണ് മരിച്ചത്. ഭര്‍ത്താവ് ജമാല്‍ നൂര്ജഹാന് ആശുപത്രി ചികിത്സ നിഷേധിക്കുകയും ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ നല്‍കിയതാണ് മരണത്തിന് കാരണായതെന്ന് ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.
ഒരു വര്‍ഷമായി നൂര്ജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പ് വരുന്ന രോഗമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ജമാല്‍ ഭാര്യക്ക് ആശുപത്രി ചികിത്സ നല്‍കിയില്ല. പകരം മന്ത്രവാദം നടത്തുകയായിരുന്നു. ഒരിക്കല്‍ രോഗം കലശലായപ്പോള്‍ ജമാലിന്റെ എതിര്‍പ്പവഗണിച്ച് ബന്ധുക്കള്‍ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് നല്‍കിയിരുന്നു.
എന്നാല്‍ ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല. ചൊവ്വാഴ്ച വൈകീട്ട് ഭാര്യയെയും കൊണ്ട് ജമാല്‍ ആലുവയിലേക്ക് പോയി. പിറ്റേന്ന് പുലര്‍ച്ചെ നൂര്ജഹാന് മരിച്ചതായി ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ആലുവയിലെ മതകേന്ദ്രത്തില്‍ വെച്ചാണ് നൂര്ജഹാന് മരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് നൂര്‍ജഹാന്റെ മൃതദേഹമുള്ളത്. മൃതദേഹവുമായി ആലുവയില്‍ നിന്ന് കല്ലാച്ചിയിലേക്ക് വന്ന വന്ന ആംബുലന്‍സ് പൊലീസ് തടഞ്ഞാണ് മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.