തൃശൂര്‍: ഒരു മേയര്‍ എന്ന നിലയില്‍ തനിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. കോര്പ്പറേഷന് പരിധിയിലെ ചടങ്ങുകളില്‍പ്പോലും തന്നെ അധ്യക്ഷനാക്കുന്നില്ലെന്നും മേയര്‍ പറഞ്ഞു. അതേസമയം വിജയദിനാചരണത്തിന്റെ ഭാഗമായി പൂങ്കുന്നം ഗവണ്മെന്റ് സ്കൂളില്‍ നടന്ന പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയതിനെ മേയര്‍ ന്യായീകരിച്ചു.
സ്കൂളില്‍ നടന്ന പരിപാടിയുടെ ബോര്‍ഡില്‍ തന്റെ ഫോട്ടോ എംഎല്‍എയുടെ ഫോട്ടോയെക്കാള്‍ ചെറുതായതില്‍ പ്രതിഷേധിച്ചാണ് മേയര്‍ എം കെ വര്‍ഗ്ഗീസ് അവിടത്തെ വിജയദിനാഘോഷം ബഹിഷ്കരിച്ചത്. വിവാദത്തെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്യേണ്ട പി ബാലചന്ദ്രന് എംഎല്‍എ സ്ഥലത്തെത്തിയില്ല.
ഇരുവരുടെയും അഭാവത്തില്‍ മുഖ്യാതിഥിയായ കോര്പ്പറേഷന് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍ എ ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വേദിയില്‍ കയറാന്‍ കൂട്ടാക്കാതിരുന്ന മേയര്‍ എം കെ വര്‍ഗീസ്, പ്രോട്ടോക്കോള്‍ പ്രകാരം എംഎല്എയെക്കാള് വലുത് താനാണെന്നും ഫ്ളക്സില്‍ ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞശേഷമാണ് മടങ്ങിയത്.
തനിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന് മേയര്‍ ഇപ്പോള്‍ പറയുന്നു. പ്രോട്ടോക്കോള്‍ പ്രകാരം എംപിയും എംഎല്‍എയും മേയര്‍ക്ക് താഴെയാണ്. താഴെയുള്ള എംഎല്‍എയെ ഉദ്ഘാടകനാക്കി എന്നു മാത്രമല്ല, മറ്റു കൗണ്‍സിലര്‍മാര്‍ക്കൊപ്പം ചെറിയ ഫോട്ടോയും പോസ്റ്ററില്‍ നല്കി. ഇത് അപമാനിക്കലാണെന്ന് എംകെ വര്‍ഗീസ് പറഞ്ഞു.
അറിവില്ലാത്തതാണെങ്കില്‍ എങ്ങനെയാണ് പോസ്റ്റര്‍ അടിക്കേണ്ടതെന്ന് ചോദിക്കേണ്ടത് മര്യാദയാണ്. സ്കൂളിലെ പ്രിന്‍സിപ്പല്‍ അടക്കം അറിഞ്ഞുകൊണ്ട് ചെയ്ത പ്രവൃത്തിയാണെന്നാണ് താന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെയാണ് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോന്നത്. അര്‍ഹമായ പരിഗണനയ്ക്ക് വേണ്ടിയാണ് പ്രതിഷേധിച്ചത്. ശരിയെന്ന് തോന്നുന്നതിന് വേണ്ടി ഏതറ്റം വരെയും പോകുന്ന പ്രകൃതമാണ് തന്റേതെന്ന് മേയര്‍ പറഞ്ഞുു.