കണ്ണൂര്‍: പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച യുവമോര്‍ച്ച നേതാക്കള്‍ക്കെതിരെ കേസ്. കെ ടി ജയകൃഷ്ണന് ബലിദാന ദിനാചരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച തലശ്ശേരിയില്‍ നടത്തിയ മഹാറാലിയിലാണ് വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത്.
‘നിസ്കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല’ എന്നിങ്ങനെയായിരുന്നു റാലിയിലുള്ള മുദ്രാവാക്യം. ഭീഷണിയും വെല്ലുവിളിയും, ഉയര്‍ത്തിയാണ് ജാഥ നഗരത്തില്‍ നടത്തിയത്. വിദ്വേഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും എസ്ഡിപിഐയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ മഹാറാലിക്ക് നേതൃത്വം നല്കിയ നേതാക്കള്‍ക്കും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ‘അഞ്ചുനേരം നിസ്കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്കുവിളിയും കേള്‍ക്കില്ല’ തുടങ്ങിയ വര്‍ഗീയ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ ഉടനീളം ഉയര്‍ത്തിയത്.
തലശ്ശേരി സംഗമം കവലയില്‍ നിന്ന് തുടങ്ങിയ പ്രകടനം പുതിയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്, കെ പി സദാനന്ദന്, സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി, ബിജെപി ജില്ല പ്രസിഡന്റ് എന്‍ ഹരിദാസ്, ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം ആര് സുരേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ തുടങ്ങിയ നേതാക്കള്‍ വിദ്വേഷമുദ്രാവാക്യം വിളിക്കുമ്പോള്‍ റാലിയുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു.