തളങ്കര: ഗര്‍ഭിണിയായ യുവതി കുളത്തില്‍ മരിച്ച നിലയില്‍. തളങ്കര ബാങ്കോട്ടെ വാടക ക്വാര്‍ട്ടേഴ്സില്‍ പരേതനായ അഹ്മദ് ഖാലിദ് അക്തറിന്റെയും സുബൈദയുടെയും മകള്‍ ഫമീദ ആണ് മരിച്ചത്. എട്ടുമാസം ഗര്‍ഭിണിയായിരുന്നു 28കാരിയായ ഫമീദ.
ബുധനാഴ്ച രാവിലെയോടെയായിരുന്നു ഫമീദയെ തളങ്കരയിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പാണ് ഫമീദയുടെ വിവാഹം കഴിഞ്ഞത്. ബൈമും സ്വദേശി റസൂലാണ് ഭര്‍ത്താവ്. ഭര്‍ത്താവില്‍ നിന്നുള്ള മാനസിക പീഡനമാണ് ഫമീദയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് ഫാമിദ വീട് വിട്ടിറങ്ങിയത്. ബന്ധുക്കള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്കി. അന്വേഷണം നടത്തുന്നതിന് ഇടയിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.