തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. 12 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നും അറബിക്കടലില്‍ നാളെയും പുതിയ ന്യൂനമര്‍ദം രൂപപ്പെടും.
എന്നാല്‍ ഇത് കേരളത്തെ കാര്യമായി സ്വാധീനിക്കാന്‍ സാധ്യതയില്ല. അതേസമയം ഇന്ന് അറബിക്കടലില്‍ മീന്‍ പിടിക്കാന്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. നാളെ മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ഇന്ന് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും.
Read also: മദ്യപിച്ച് കാർ ഡ്രൈവർ അപകടമുണ്ടാക്കി; ഇടിച്ചുതെറിപ്പിച്ച ബൈക്കിലെ യാത്രികന് ദാരുണാന്ത്യം
ഇത് പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് 48 മണിക്കൂറില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ചു തീവ്ര ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാനാണു സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടേക്കും.
ശ്രീലങ്കന്‍ തീരത്തു രൂപപ്പെട്ട ചക്രവാതച്ചുഴി അറബിക്കടലിലേക്കു നീങ്ങിത്തുടങ്ങി. കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയില്ലെങ്കിലും മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.