കൊച്ചി: കാതടപ്പിക്കുന്ന ശബ്ദം മുഴക്കി കുതിച്ചുപാഞ്ഞ കാര്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വലയില്‍. കാക്കനാട് ഇന്‍ഫോ പാര്ക്കിന് സമീപത്താണ് സംഭവം. എറണാകുളം വരാപ്പുഴ സ്വദേശി വിനീത് നായരുടെ ഉടമസ്ഥതയിലുള്ള കാറാണ് പിടിയിലായതെന്ന് അധികൃതര്‍ പറയുന്നു.
മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയ കാറിന് 11,000 രൂപ പിഴ ചുമത്തി. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ കാറാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. മൂന്നുദിവസം മുമ്പാണ് ഇന്‍ഫോപാര്‍ക്ക് എക്സ്പ്രസ് വേ, കാക്കനാട് ഭാഗങ്ങളില്‍ കാര്‍ അമിത വേഗത്തില്‍ ശബ്ദമുണ്ടാക്കി പാഞ്ഞത്.
റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലുള്ളവരെയും നാട്ടുകാരെയും ഭീതിപ്പെടുത്തിയാണ് കാര്‍ പാഞ്ഞത്. ഈ കാറിനെതിരെ പരാതിയുമായി നിരവധി പേര് അധികൃതരെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാര്‍ പിടികൂടിയത്.
സി.സി ടി.വി കാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഈ വാഹനം കണ്ടെത്തുകയും, നമ്പര്‍ ഉപയോഗിച്ച് കാര്‍ ഉടമയെ വിളിച്ചു വരുത്തുകയുമായിരുന്നു. രണ്ട് ദിവസത്തിനകം രൂപമാറ്റം വരുത്തിയ ഭാഗങ്ങള്‍ പഴയപടിയാക്കി അധികൃതരെ കാണിക്കാനും അല്ലാത്തപക്ഷം രജിസ്ട്രേഷന് റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.