മലപ്പുറം: മലപ്പുറത്ത് മുത്തലാഖ് ആവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴാതി യുവാവിനെതിരെ പീഡന പരാതി നല്‍കിയിരിക്കുകയാണ് ഭാര്യ. ഭര്‍ത്താവ് ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് യുവതിയുടെ പരാതി.
കൂടാതെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കാറുണ്ടെന്നും യുവതി ആരോപിക്കുന്നു. വിവാഹശേഷം ശാരീരികമായും മാനസികമായും ക്രൂര പീഡനമാണ് താന്‍ അനുഭവിച്ചതെന്ന് യുവതി പറയുന്നു.
പ്രകൃതിവിരുദ്ധ പീഡനം എതിര്‍ത്തപ്പോള്‍ ക്രൂരമായി പീഡിപ്പിച്ചു. പരപുരുഷ ബന്ധം ആരോപിച്ച് മറ്റുള്ളവരുടെ മുന്നില്‍വെച്ച് അപമാനിച്ചു. ബന്ധുവീടുകളില്‍ പോകാനോ അവരുമായി സംസാരിക്കാനോ അനുവദിച്ചില്ല. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന് പുറമെ മാതാപിതാക്കളും സഹോദരിയും മര്‍ദ്ദിച്ചിട്ടുണ്ട്.
അഞ്ചു ലക്ഷം രൂപ നല്‍കാത്തതിന് വിവാഹസമയത്ത് ധരിച്ചിരുന്ന ആഭരണങ്ങള്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് പിടിച്ചുവാങ്ങിയതായും പരാതിയില്‍ പറയുന്നു. മലപ്പുറം കോട്ടക്കലിലാണ് 30കാരനായ യുവാവിനെ ഭാര്യ വീട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന പരാതി ഉയര്‍ന്നത്. സംഭവത്തില്‍ യുവാവിന്റെ ഭാര്യയുടെ ബന്ധുക്കളായ ആറുപേര്‍ അറസ്റ്റിലായിരുന്നു.