ഇടുക്കി: കനത്ത മഴയിലും ഉരുള്‍പൊട്ടലിലുമായി ഇടുക്കി ജില്ലയില്‍ പൂര്‍ണമായി തകര്‍ന്നത് 119 വീടുകള്‍. കോടികളുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കൊക്കയാറിലാണ് ഭൂരിഭാഗം വീടുകളും തകര്‍ന്നത്.
ഇവിടെ വലിയൊരു പ്രദേശവും വാസയോഗ്യമല്ലാതായി.
ഇവിടെയുള്ളവരുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും വീടുകളുടെ പുനര്‍നിര്‍മാണത്തിനായി 78 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്നും ജില്ലഭരണകൂടം അറിയിച്ചു. ഒരാഴ്ച മുന്‍പ് കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിരവധി പേരാണ് മരിച്ചത്.
പലരുടെയും ജീവിതസമ്പാദ്യവും തകര്‍ത്തെറിഞ്ഞു. കൊക്കയാറില്‍ പൂര്‍ണമായി തകര്‍ന്നത് 83 വീടുകളാണ്. ഭാഗികമായി തകര്‍ന്നത് ഇതിന്റെ ഇരട്ടിയോളം വരും. തകര്‍ന്ന വീടുകളുടെ കണക്ക് ജില്ലഭരണകൂടം ശേഖരിക്കുന്നുണ്ട്. സാധ്യമായ വീടുകള്‍ അറ്റകുറ്റപണി തീര്‍ത്ത് വാസയോഗ്യമാക്കും.
പല പ്രദേശവും വാസയോഗ്യമല്ലാതായതിനാല്‍ ഇവിടെ താമസിച്ചിരുന്നവരുടെ പുനരധിവാസത്തിനായി സ്ഥലം കണ്ടെത്താന്‍ കൊക്കയാര്‍ പഞ്ചായത്ത് അധികൃതരോട് ജില്ലഭരണകൂടം ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കും.
ജില്ലയില്‍ മൂലമറ്റത്ത് 36 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇവിടെയും പുനരധിവാസം വേഗത്തിലാക്കും. വീടുകള്‍ സജ്ജമാകുന്നത് വരെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരും.