ആലപ്പുഴ: തൃക്കുന്നപ്പുഴയില്‍ ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടുപേര്‍ പോലീസ് പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിഷാന്ത് എന്നിവരാണ് പിടിയിലായത്. ഇരുവരും സ്ഥിരം മോഷണക്കേസ് പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വണ്ടാനം മെഡിക്കല്‍ കോളേജിലെ ജീവനക്കാരി പ്രതികളുടെ ആക്രമണത്തിന് ഇരയായത്. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് നടപടി. ആരോഗ്യ പ്രവര്‍ത്തകയെ ആക്രമിച്ച് സംഭവത്തില്‍ വിശദമായ അന്വേഷണ നടക്കുന്നുണ്ടെന്നാണ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി അവകാശപ്പെട്ടപ്പോഴും പ്രതികളെ പിടികൂടാനാവാത്തതില്‍ പൊലീസ് വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ സ്കൂട്ടറില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ ശല്യപ്പെടുത്തുകയും അവരുടെ മാല പിടിച്ചു പറിച്ച കേസുകളിലും കൊല്ലം സിറ്റി ലിമിറ്റില്‍ ബീച്ച് ഭാഗത്ത് നിന്നും യമഹ ബൈക്ക് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്യേഷണത്തിലാണ് പ്രതികള്‍ പിടിയിലാവുന്നത്.
150 ഓളം സിസിടിവി ക്യാമറകളും 200 ഓളം ബൈക്കുകളും പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. പിന്നീട് ഇവരാണ് ആലപ്പുഴയിലെ സംഭവത്തിന് പിന്നിലെന്നും തിരിച്ചറിയുകയായിരുന്നു. ആലപ്പുഴ പൊലീസിന്റെ പ്രത്യേക സംഘമാണ് പ്രതികളെ കൊല്ലത്ത് നിന്നും പിടികൂടിയത്.