വീട്ടില്‍ ഇരുന്നു ജോലി ചെയ്യാം എന്നു വാഗ്ദാനം നല്കി വീട്ടമ്മയുടെ കൈയ്യില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. 37 വയസ്സുകാരിക്കാണു പണം നഷ്ടമായത്. ഇ-കൊമേഴ്സ് പോര്‍ട്ടല്‍ ആയ ആമസോണിലെ ജോലി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ കബളിപ്പിച്ചത്.
കഴിഞ്ഞ 16നാണ് സംഭവം. 2.33 ലക്ഷം രൂപയാണ് തട്ടിപ്പുകാര്‍ തട്ടിയെടുത്തത്. പാര്‍ട് ടൈം ജോലിയും വലിയ തുക വരുമാനവും വാഗ്ദാനം ചെയ്യുന്ന ജോലിക്കായി ശ്രമിച്ച വീട്ടമ്മയാണ് വഞ്ചിക്കപ്പെട്ടത്. വീട്ടില്‍ ഇരുന്നു ജോലി ചെയ്യാം എന്നു വാഗ്ദാനം ചെയ്യുന്ന എസ്എംഎസില്‍ കണ്ട നമ്പറില്‍ വിളിച്ച വീട്ടമ്മയോട് ആമസോണ്‍ ഉല്പന്നങ്ങളുടെ വില്പന വര്‍ധിപ്പിക്കുന്നതിനു സഹായിച്ചാല്‍ നല്ലൊരു കമ്മിഷന് ലഭിക്കുമെന്ന് തട്ടിപ്പുകാര്‍ അറിയിച്ചു.
തുടര്‍ന്ന് ഒരു പ്രത്യേക ഇ-വാലറ്റിലേക്ക് പണം അയച്ച് ഒരു ആമസോണ്‍ ഉല്പന്നം വാങ്ങാന്‍ ആവശ്യപ്പെട്ടു. വീട്ടമ്മ 5,000 രൂപ അടച്ചു. താമസിയാതെ നിക്ഷേപിച്ച തുകയോടൊപ്പം 200 രൂപ കമ്മിഷന് ആയി ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു. തുടര്‍ന്ന് അടുത്ത ദിവസം ഉന്നത ഉദ്യോഗസ്ഥന് വലിയ ടാസ്ക്കിനായി ടെലഗ്രാമില്‍ ബന്ധപ്പെടുമെന്ന് തട്ടിപ്പുകാരന് അറിയിച്ചു.
അടുത്ത ദിവസം 9 വ്യത്യസ്ത ഇ-വാലറ്റ് അക്കൗണ്ടുകളില്‍ പണം നല്കാന് ആവശ്യപ്പെട്ടു സന്ദേശം ലഭിച്ചു. 4.04 ലക്ഷം രൂപ ലഭിക്കുമെന്ന് കരുതി വീട്ടമ്മ 2.33 ലക്ഷം അടച്ചു. പണം ലഭിക്കാതെ വന്നപ്പോള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.