കല്പറ്റ: കൊവിഡ് കാലത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പെട്ട് വിശന്നുവലയുന്നവര്‍ക്ക് ആശ്രയമായി സ്വകാര്യ ബസ് തൊഴിലാളികളുടെ പൊതിച്ചോര്‍ വിതരണം. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവര്‍ക്കു സഹായമായി കല്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് സ്വകാര്യ ബസ് തൊഴിലാളികള്‍ ഭക്ഷണ വിതരണം നടത്തുന്നത്.
ഹോട്ടലുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ‘കൂടെയുണ്ട് കരുതലോടെ’ എന്ന സന്ദേശം മുന്‍നിര്‍ത്തിയാണ് തൊഴിലാളികളുടെ ഉച്ച ഭക്ഷണ വിതരണം. കല്പറ്റ-ബത്തേരി റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികളും സ്വകാര്യ ബസ് ഫാന്‍സും ചേര്‍ന്നാണു പൊതിച്ചോര്‍ വിതരണം ആരംഭിച്ചത്.
ബസ് തൊഴിലാളികളുടെ ഈ സല്പ്രവൃത്തിയെ അനുമോദിച്ച് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും രംഗത്തെത്തിയതോടെ സംഭവം ഉഷാറായി. ചരക്ക് ലോറി ഡ്രൈവര്‍മാര്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെല്ലാം ലോക്ഡൗണ്‍ നിയന്ത്രണം കഴിയുന്നതുവരെ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് സ്വകാര്യ ബസ് തൊഴിലാളി യൂണിയന് കല്പറ്റ യൂണിറ്റ് പ്രസിഡന്റ് കെവി വിനോദ്, സ്വകാര്യ ബസ് ഫാന്‍സ് ആന്‍ഡ് ചാരിറ്റി ഡ്രൈവ് ടു ലൈഫ് മോഡറേറ്റര്‍ റിഥിക രമേഷ് എന്നിവര്‍ പറഞ്ഞു.
സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ലെങ്കിലും ഇതിനുള്ള ചെലവുകള്‍ തൊഴിലാളികള്‍ കയ്യില്‍ നിന്നെടുക്കുകയാണ്. ഇന്നലെ ഉച്ചയ്ക്ക് അന്‍പതോളം പേര്‍ക്ക് ചോറും കോഴിക്കറി, ഉപ്പേരി, അച്ചാര്‍, കുപ്പിവെള്ളം എന്നിവ പായ്ക്ക് ചെയ്തു വിതരണം ചെയ്തു.
ഭക്ഷണം തയ്യാറാക്കാനായി ബസ് സ്റ്റാന്‍ഡിനുള്ളില്‍ കച്ചവടം നടത്തിയിരുന്നയാള്‍ കട വിട്ടുകൊടുക്കുകയായിരുന്നു. അതേസമയം, വരും ദിവസങ്ങളില്‍ ചെലവുകളിലേക്ക് സുമനസ്സുകള്‍ക്ക് സഹായം നല്കി ഇതില്‍ പങ്കാളികളാകാമെന്നും ഭാരവാഹികള്‍ അറിയിച്ചു.