കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വന്‍ മുന്നേറ്റം. നിലവില്‍ പതിനായിരത്തിലേറെ വോട്ടിനാണ് കാപ്പന് ലീഡ് ചെയ്യുന്നത്. ഇടതുമുന്നണിയുടെ അഭിമാന മല്‍സരത്തില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്ത്ഥിജോസ് കെ മാണിയുടെ നില പരുങ്ങലിലാണ്.
1965 ല്‍ മണ്ഡലം നിലവില്‍വന്നതു മുതല്‍ പാലാ നിയമസഭയിലേക്കയച്ചത് കെഎം മാണിയെ മാത്രമായിരുന്നു. അരനൂറ്റാണ്ടിലേറെ നീണ്ട നിയമസഭാ സാമാജിക ജീവിതത്തില്‍ മാണിയും പാലായെ ചേര്‍ത്തുപിടിച്ചു.
2019 ല്‍ മാണിയുടെ നിര്യാണത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാലാ തെരഞ്ഞെടുത്തത്, അതിനുമുമ്പ് മൂന്നു തെരഞ്ഞെടുപ്പുകളില്‍ മാണിയോടു തോറ്റ എന്‍സിപി സ്ഥാനാര്‍ത്ഥി മാണി സി കാപ്പനെയായിരുന്നു. യുഡിഎഫിനെയും കേരള കോണ്‍ഗ്രസ് (എം) ലെ ജോസ് വിഭാഗത്തെയും ഞെട്ടിച്ച ഫലം. ഇടതുമുന്നണിയും സിപിഎമ്മും ചരിത്രവിജയമായാണ് അത് ആഘോഷിച്ചത്.
അതേസമയം, 15-ാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ 140 മണ്ഡലങ്ങളിലെയും ലീഡുനില പുറത്തുവരുമ്പോള്‍ സംസ്ഥാനത്ത് ഇടതുതരംഗം ആഞ്ഞടിക്കുകയാണ്. 11.30 വരെയുള്ള വിവരമനുസരിച്ച് 90 സീറ്റുകളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. 47 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫിന് ലീഡുള്ളത്. എന്നാല്‍ അപ്രതീക്ഷിതമായി മൂന്നു സീറ്റുകളില്‍ എന്‍ഡിഎയും ലീഡ് ചെയ്യുന്നു. നേമത്തും പാലക്കാട്ടും തൃശൂരിലുമാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.