കോഴിക്കോട്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആള്‍ക്കൂട്ടത്തിനും കടകള്‍ തുറക്കുന്നതിനുമാണ് നിയന്ത്രണം. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് അഞ്ചിടത്ത് മെഗാ വാക്സിനേഷന് ക്യാമ്പുകള്‍ നടക്കും.
ലോക്ക് ഡൗണിനോളം കടുപ്പമില്ലെങ്കിലും ഒരു പാതി ലോക്ക്ഡൗണിനോളം ശക്തമായ നിയന്ത്രണങ്ങളാവും ഇനിയുള്ള ഞായറാഴ്ചകളില്‍ കോഴിക്കോട് ജില്ലയിലുണ്ടാവുക. പൊതുജനങ്ങള്‍ അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കലക്ടറുടെ ഉത്തരവില്‍ പറയുന്നുണ്ട്.
അഞ്ച് പേരില്‍ കൂടുതല്‍ കൂട്ടം കൂടരുത്, അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഏഴ് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ, ആരോഗ്യ മേഖലയില്‍പ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും, ബീച്ച്, പാര്‍ക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല, പൊതുഗതാഗതം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കു., അതേസമയം പിഎസ്സി പരീക്ഷകള്‍ പതിവ് പോലെ നടക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ടാഗോര്‍ ഹാള്‍, അര്‍ബ്ബന്‍ ഹെല്‍ത്ത് സെന്റര്‍ – വെസ്റ്റ്ഹില്‍, അര്‍ബ്ബന്‍ ഹെല്‍ത്ത് സെന്റര്‍ – ഇടിയങ്ങര, അര്‍ബ്ബന്‍ ഹെല്‍ത്ത് സെന്റര്‍ – മാങ്കാവ്, ഫാമിലി ഹെല്‍ത്ത് സെന്റര്‍ – ബേപ്പൂര്‍ എന്നിവിടങ്ങളിലാണ് മെഗാ വാക്സിനേഷന് ക്യാമ്പുകള്‍ നടക്കുന്നത്.
20,000 ഡോസ് കോവിഡ് വാക്സിന് ജില്ലയില്‍ നിലവില്‍ സ്റ്റോക്കുണ്ട്. തിങ്കളാഴ്ച വൈകീട്ടോടെ കൂടുതല്‍ വാക്സിന് കോഴിക്കോട്ടേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച മാത്രം ജില്ലയില്‍ 20,027 പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കുന്നുണ്ട്.
രോഗികള്‍ കൂടുമ്പോഴും ടെസ്റ്റ് നടത്തുന്നതിനും വാക്സിന് വിതരണത്തിനും ജില്ല പൂര്‍ണ സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു പറഞ്ഞു. ജില്ലയിലെ ആശുപത്രികളില്‍ പുതുതായി 500 കിടക്കകള്‍ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും ഹോം ഐസൊലേഷനിലുള്ളവരെ പരിശോധിക്കാനുള്ള നടപടികള്‍ കര്‍ശനമാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.