കോഴിക്കോട്: എടിഎം വഴി ലക്ഷങ്ങള്‍ തട്ടിയ രണ്ട് എഞ്ചിനീയറിങ് ബിരുദധാരികള്‍ അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലെ വില്യാപ്പളളി സ്വദേശി ജുബൈര്‍, കായക്കൊടി സ്വദേശി ഷിബിന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുപത്തിഅഞ്ച് പേരുടെ അക്കൗണ്ടില്‍ നിന്നായി അഞ്ച് ലക്ഷത്തി പതിനായിരം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
എടിഎം കാര്‍ഡ് വിവരങ്ങളും പിന്‍നമ്പറും ചോര്‍ത്തിയാണ് ഇവര്‍ അക്കൗണ്ട് ഉടമകളറിയാതെ ലക്ഷങ്ങള്‍ തട്ടിയത്. കേസില്‍ ഉത്തരേന്ത്യന്‍ സ്വദേശികളായ മൂന്ന് പ്രധാന പ്രതികളെ പിടികൂടാനുണ്ട്. മാര്‍ച്ച് 23 മുതലാണ് വടകരയിലെ രണ്ട് എടിഎം കൗണ്ടറുകളില്‍ നിന്നായി അക്കൗണ്ട് ഉടമകള്‍ക്ക് പണം നഷ്ടപ്പെട്ട് തുടങ്ങിയത്.
വടകര ബൈപ്പാസില്‍ എംആര്‍എ ബേക്കറിക്ക് സമീപത്തെ എസ്ബിഐ കൗണ്ടര്‍, പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പിഎന്‍ബി ബാങ്ക് എടിഎം കൗണ്ടര്‍ എന്നിവിടങ്ങളിലെ എടിഎം യന്ത്രത്തില്‍ സ്കിമ്മറും രഹസ്യക്യാമറയും സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
എടിഎമ്മില്‍ നിന്ന് പണമെടുക്കുമ്പോള്‍ സ്കിമ്മര്‍ വഴി ഡാറ്റകള്‍ ശേഖരിക്കും. പുറത്ത് ഘടിപ്പിച്ച ക്യാമറ വഴി പിന് വിവരം കൂടി ശേഖരിച്ചാണ് തട്ടിപ്പ് നടത്തി വന്നിരുന്നത്. ഉത്തരേന്ത്യന്‍ സ്വദേശികളായ മൂന്ന് പേരാണ് തട്ടിപ്പിന്റെ സൂത്രധാരന്മാര്. ഇവര്‍ക്ക് സഹായം ചെയ്തുവന്ന രണ്ട് പേരാണ് പോലീസ് പിടിയിലായത്.
അറസ്റ്റിലായ ജുബൈര്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിലും ഷിബിന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങിലും ബിടെക് ബിരുദധാരികളാണ്. ഇരുവരും വടകരയില്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് സ്ഥാപനം നടത്തി വരികയായിരുന്നു.