മലപ്പുറം: മലപ്പുറത്തുനിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ യുവതിയെ ഇരുപത് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല. വളാഞ്ചേരി വെട്ടിച്ചിറയിലെ ഇരുപതുകാരി സുബീറ ഫര്‍ഹത്തിനെയാണ് കാണാതായത്. യുവതിയെ കണ്ടെത്താന്‍ രൂപീകരിച്ച അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി.
പെണ്‍കുട്ടിയെ കാണാതാവുന്നതിന് തൊട്ടു മുന്‍പ് ജോലി സ്ഥലത്തേക്ക് നടന്നു പോവുന്ന സി സി ടി ദൃശ്യങ്ങളും പുറത്ത് വന്നു . എന്നാല്‍ കഞ്ഞിപ്പുര ദേശീയപാതയുടെ ഭാഗത്തേക്ക് എത്തിയിട്ടുമില്ല. ഇടയ്ക്കു വച്ച് എവിടേക്ക് അപ്രത്യക്ഷമായെന്ന സംശയമാണുയരുന്നത്.
മലപ്പുറത്തെ ഒരു സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയാണ് സുബീറ. പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പെണ്‍കുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഈ വഴിക്കുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
മലപ്പുറത്ത് നിന്നുള്ള സൈബര്സംഘവും പ്രദേശത്ത് പരിശോധന നടത്തി. പ്രദേശത്തെ മൂന്ന് ടവറുകള്‍ കേന്ദ്രീകരിച്ചുള്ള ഫോണ്‍ രേഖകളാണ് പോലീസ് പരിശോധിച്ച് വരുന്നത്. വിവാഹിതയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു.