കണ്ണൂര്‍: വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര മര്‍ദ്ദനം. കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥിനിക്കൊപ്പം നടന്നു എന്ന പേരില്‍ ഒരു ഓട്ടോ ഡ്രൈവറാണ് കുട്ടിയെ മര്‍ദിച്ചത്. കണ്ണൂരിലെ പാനൂരിലാണ് സംഭവം. ഓട്ടോ ഡ്രൈവറായ ജിനീഷാണ് നടുറോട്ടില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചത്.
സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നു എന്ന പേരിലാണ് കുട്ടിയെ മര്‍ദിച്ചതെന്നാണ് വിദ്യാര്‍ത്ഥിയുടെ പിതാവ് പറയുന്നത്. ഇയാള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുത്താറപീടിക ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് ജിനീഷ്.
ഈ അതിക്രമത്തിനെതിരെ പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിക്കുന്നു. ”കേസ് പറഞ്ഞു തീര്‍ത്താല്‍ പോരേ’യെന്നാണ് പൊലീസ് ചോദിക്കുന്നതെന്ന് കുടുംബം പറയുന്നു.
അക്രമിക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നുമാണ് വിദ്യാര്‍ത്ഥിയുടെ പിതാവ് ആരോപിക്കുന്നത്. എന്നാല്‍ പരാതിയിന്മേല് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടങ്ങിയെന്നും പൊലീസ് അറിയിക്കുന്നു.