തൃശൂര്‍: ചരക്കു ലോറി 40 അടി താഴ്ചയിലേക്കു മറിഞ്ഞ് ഒരാള്‍ മരിച്ചു. കുതിരാന്‍ ദേശീയപാതയില്‍ രാത്രി പത്തരയോടെയായിരുന്നു അപകടം. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറാണ് മരിച്ചത്. ലോറിയില്‍ രണ്ടുപേരായിരുന്നു അപകടസമയത്തുണ്ടായിരുന്നത്.
തൃശൂര്‍ ഭാഗത്തേക്കു പോയിരുന്ന ചരക്കു ലോറി റോഡരികില്‍ സ്ഥാപിച്ചിരുന്ന അയേണ്‍ ക്രാഷ് ഗാര്‍ഡുകള്‍ തകര്‍ത്തു താഴേക്ക് പതിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരാളെ വേഗം പുറത്തെടുത്തു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
രണ്ടാമത്തെയാള്‍ ലോറിക്കുള്ളില്‍ ഏറെ നേരം കുടുങ്ങി. തൃശൂരില്‍ നിന്നെത്തിയ അഗ്നി സുരക്ഷാസേനയും പൊലീസും ചേര്‍ന്നു രക്ഷാപ്രവര്‍ത്തനം നടത്തി. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ലോറി ജീവനക്കാര്‍ തമിഴ്നാട് സ്വദേശികളാണ്.