മേപ്പാടി: വീടില്ലാത്ത തോട്ടം തൊഴിലാളികള്‍ക്കായി ഭവനസമുച്ചയം ഉയരുന്നു. തൊഴിലാളികള്‍ക്കായുള്ള ഫ്ലാറ്റ് സമുച്ചയത്തിന് മേപ്പാടി പുഴമൂലയില്‍ മന്ത്രി ടിപി രാമകൃഷ്ണന് തറക്കല്ലിട്ടു. സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുകയെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുമെന്നും ഈ ഉത്തരവാദിത്വം നിറവേറ്റി മുന്നോട്ടുപോകുമെന്നും ഉദ്ഘാടനവേദിയില്‍ മന്ത്രി പറഞ്ഞു.
പിവി അബ്ദുള്‍ വഹാബ് എംപിയുടെ ഉടമസ്ഥതയിലുള്ള ചെമ്പ്രപീക്ക് ഫാത്തിമ ഫാംസ് എസ്റ്റേറ്റ് സൗജന്യമായി വിട്ടുനല്‍കിയ ഒരേക്കര്‍ ഭൂമിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. കേരള സ്റ്റേറ്റ് ബീവറേജസ് കോര്‍പ്പറേഷന്റെ പൊതുനന്മാ ഫണ്ടില്‍നിന്ന് നാലുകോടി രൂപ ഉപയോഗിച്ചാണ് ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ 100 വീടുകളാണ് ജില്ലയില്‍ നിര്‍മിക്കുക.
ചടങ്ങില്‍ സികെ ശശീന്ദ്രന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ബിന്ദു, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശ്, കളക്ടര്‍ ഡോ. അദീല അബ്ദുള്ള, വി സതീശന്, എം സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.