പൊന്നാനി: മുഖത്ത് പശയും മുളകുപൊടിയും ചേര്‍ത്ത വെള്ളമൊഴിച്ച് യുവാവിന് ക്രൂരമര്‍ദനം. മലപ്പുറത്താണ് സംഭവം. പൊന്നാനി കമാം വളവ് കീക്കാട്ടില്‍ ജബ്ബാറാ(37)ണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോഴായിരുന്നു ഒരു സംഘം ആക്രമിച്ചത്.
പശ കണ്ണില്‍ ഒട്ടിപ്പിടിച്ചതിനാല്‍ കണ്ണുതുറക്കാന്‍ പോലും കഴിയാതെ, ശരീരമാസകലം പരിക്കേറ്റ ജബ്ബാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ജബ്ബാര്‍. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണിലെ ഒട്ടിപ്പിടിച്ച പശകള്‍ നീക്കം ചെയ്ത് കാഴ്ചശക്തി തിരിച്ച് കിട്ടിയത്.
തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോള്‍ ബൈക്കിലെത്തിയ മൂന്ന് പേരടങ്ങുന്ന സംഘം അക്രമം നടത്തുകയായിരുന്നു. കമാംവളവിലെ വീടിനോടുചേര്‍ന്ന് ചെറിയ മിഠായിക്കട നടത്തുകയാണ് ജബ്ബാര്‍. ഇവിടെ നിന്നുള്ള വരുമാനത്തോടെയാണ് അസുഖ ബാധിതനായ മകനെയും കുടുംബത്തെയും നോക്കുന്നത്.
ഇത് രണ്ടാം തവണയാണ് ജബ്ബാറിനു നേരെ ആക്രമണം നടക്കുന്നത്. എട്ട് വയസ്സുള്ള മകന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത് ഡോക്ടര്‍ മരുന്ന് മാറി നല്‍കിയതാണെന്ന് ആരോപിച്ച് നവ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്നായിരുന്നു ആദ്യമര്‍ദനമെന്ന് ജബ്ബാര്‍ പറയുന്നു.
ഉന്തുവണ്ടിയില്‍ പച്ചക്കറിക്കച്ചവടം നടത്തിയിരുന്ന ജബ്ബാറിന് നഗരസഭയും നാട്ടുകാരും കൈകോര്‍ത്താണ് മൂന്ന് വര്‍ഷം മുമ്പ് വീടിനോടുചേര്‍ന്ന് കച്ചവടം നടത്താനുള്ള സാഹചര്യം ഒരുക്കിയത്.