ഗൂഡല്ലൂര്‍: ശമ്പളത്തിന് പുറമെ മാസം 40000 രൂപ ‘കിമ്പളം’ വാങ്ങുന്ന പോലീസ് ഓഫീസര്‍ കുടുങ്ങി. ചേരമ്പാടി പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ആനന്ദവേലു(50) ആണ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായത്.
എടവണ്ണ സ്വദേശി ലോറി ഉടമയായ ബിന്‍സ് ഏലിയാസിന്റെ പരാതിയിലാണ് അറസ്റ്റ്. എടവണ്ണയില്‍ നിന്നും മെറ്റല്‍ എംസാന്‍ഡ് ചേരമ്പാടിയിലേക്ക് കൊണ്ടു വരാനായി മാസം 40000 രൂപയാണ് ഇന്‍സ്പെക്ടര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
പിന്നീട് 20,000 രൂപ വീതം നല്‍കാമെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് ബിന്‍സ് ഊട്ടി വിജിലന്‍സിന് പരാതി നല്കി. ഊട്ടി വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ ഇന്നലെ പോലീസ് സ്റ്റേഷന് അകത്ത് വച്ച് വിജിലന്‍സ് നല്കിയ പണം കൈമാറുന്നനിടയിലാണ് ആനന്ദവേലുവിനെ അറസ്റ്റ് ചെയ്തത്.