നീലേശ്വരം: കടൽക്കരയിൽ കളിക്കുന്നതിനിടെ തിര വന്ന് കൊണ്ടുപോയ ചെരിപ്പിനു പിന്നാലെ ചെന്ന് തിരയിൽ അകപ്പെട്ട 4 വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി കോസ്റ്റൽ വാർഡന്മാർ. സാഹസികമായ പ്രവർത്തിക്ക് പിന്നാലെ കോസഅറ്റൽ വാർന്മാരെ അഭിനന്ദനംകൊണ്ട് പൊതിയുകയാണ് ഈ നാട്.
കഴിഞ്ഞ ദിവസം അഴിത്തല ബീച്ചിൽ ആയിരുന്നു സംഭവം. ബീച്ച് കാണാൻ ചിത്താരിയിൽ നിന്നെത്തിയ കുട്ടിയാണ് ഓടിക്കളിക്കുന്നതിനിടെ കടൽത്തിരയിൽ പെട്ടത്. കടലിലേക്ക് ഒഴുകിപ്പോയ ചെരിപ്പിന് പിന്നാലെ ചെന്ന കുട്ടി വലിയ തിരയിൽ പെടുകയായിരുന്നു.
ഈ സമയത്ത് ബീച്ചിൽ പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോസ്റ്റൽ വാർഡന്മാരായ എം നന്ദു, സി നന്ദുലാൽ, ബോട്ട് ജീവനക്കാരായ രതീഷ് ഷാജു, സിവിൽ പോലീസ് ഓഫീസർ സനൂപ് എന്നിവരും ചേർന്ന് സാഹസികമായി കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.
അഴിത്തലയിലെ തീരദേശ പോലീസിന്റെ ഇടപെടലിൽ കടലിൽ അകപ്പെട്ട് രക്ഷപ്പെടുത്തുന്ന രണ്ടാമത്തെ ജീവനാണിത്.