കോഴിക്കോട്: ബൈക്ക് മോഷണവും പെണ്‍കുട്ടികളെ വലയിലാക്കി സ്വര്‍ണ്ണവും മറ്റും കൈക്കലാക്കുന്നത് പതിവാക്കിയ 26കാരന് പോലീസിന്റെ വലയില്‍. കോഴിക്കോടാണ് സംഭവം. കൊയിലാണ്ടി കൊല്ലം കിഴക്കേ വാര്യംവീട്ടില്‍ ഷാനിദ്ആണ് അറസ്റ്റിലായത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്നും കാണാതായ ബൈക്കുമായി മോഷ്ടാവ് റൂറല്‍ ജില്ലയിലും സിറ്റിയുടെ ചിലഭാഗങ്ങളിലും സഞ്ചരിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഈ സമയത്തുതന്നെ കുന്ദമംഗലം പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും പെണ്‍കുട്ടിയുമായി ഒരു ചെറുപ്പക്കാരനെ കാണാതായിട്ടുണ്ടെന്ന് വിവരം ലഭിച്ചു. കാണാതായ പെണ്‍കുട്ടിയുടെ കൂടെ ഉണ്ടായ ചെറുപ്പക്കാരന് ഈ ഫോട്ടോയുമായി സാമ്യമുണ്ടന്ന തിരിച്ചറിവില്‍ കുന്ദമംഗലം എസ്ഐ ശ്രീജിത്തും മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന് എസ്.ഐ ധനഞ്ജയ ദാസും സംയുക്തമായി ചേര്‍ന്ന് കോഴിക്കോട് എസിപി (നോര്‍ത്ത് ) അഷ്റഫിന്റെ നിര്‍ദേശത്തില്‍ അന്വേഷണം നടത്തിയാണ് അറസ്റ്റ് ചെയ്തത്.
കാണാതായ പെണ്‍കുട്ടിയെ ബാംഗ്ലൂരില്‍ വച്ച് കണ്ടെത്തുകയും കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരനെ കുന്ദമംഗലത്ത് വെച്ച് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തി ചോദ്യംചെയ്തു. ചോദ്യം ചെയ്യലിലാണ് കൂടുതല്‍ കേസുകള്‍ പുറത്തറിയുന്നത്.
ഷാനിദ് മുന്‍പ് നിരവധി കേസില്‍ പ്രതിയാണൈന്നും കൊയിലാണ്ടിയില്‍ വാഹനമോഷണവുമായി ബന്ധപ്പെട്ട് ആറുമാസത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടാതെ സാമ്പത്തികമായി ഉയര്‍ന്ന വീട്ടിലെ പെണ്‍കുട്ടികളെ പ്രണയിച്ച് സ്വര്‍ണ്ണവും മറ്റും കവര്‍ന്നതായും പൊലീസ് പറയുന്നു.
കൊയിലാണ്ടി പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്ന് ബൈക്ക് മോഷണം നടത്തിയതായി സമ്മതിക്കുകയും അതുപ്രകാരം രണ്ട് വാഹനങ്ങളും ബാലുശ്ശേരി, മേത്തോട്ട് താഴം എന്നിവിടങ്ങളില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്തത് കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി ഷാനിദിനെ റിമാന്‍ഡ് ചെയ്തു.