തിരൂർ: മലപ്പുറം തിരൂരിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന ആരോരുമില്ലാത്ത അശരണർക്ക് സഹായവുമായി അവരെത്തി. മരംകോച്ചുന്ന തണുപ്പിലും മഞ്ഞുപെയ്യുന്ന രാത്രികളിലും ഇനി തണുത്ത് വിറച്ച് മരവിക്കാതെ അവർക്ക് അന്തിയുറങ്ങാം.
തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന അശരണർക്ക് സ്നേഹപ്പുതപ്പുകളുമായി എത്തിയത് തെരുവോരം ഡെസ്റ്റിറ്റിയുട്ട് കെയറിന്റെ പ്രവർത്തകരാണ്. അനാഥർക്ക് സ്നേഹപ്പുതപ്പുകൾ വിതരണം ചെയ്ത് നാടിന് തന്നെ പുതിയ മാതൃക തീർക്കുകയായിരുന്നു അവർ. ഇവർക്ക് തലചായ്ക്കാൻ ഇടം കണ്ടെത്താൻ ആവതില്ലെങ്കിലും അവരെ തെരുവിലും അനാഥരായി അലയാൻ വിടാതെ സംരക്ഷിക്കുകയാണ് ഈ സംഘടന ചെയ്യുന്നത്. തങ്ങളാൽ കഴിയുംവിധം അശരണർക്ക് സഹായമെത്തിച്ച ഡെസ്റ്റിറ്റിയുട്ട് കെയർ പ്രവർത്തകർക്ക് അഭിനന്ദനവുമായി നാട്ടുകാരും ട്രാഫിക് പോലീസുമെത്തി.
സ്നേഹപ്പുതപ്പ് വിതരണം തിരൂർ ട്രാഫിക് എഎസ്ഐ പിജെ സുനിൽ ഉദ്ഘാടനം ചെയ്തു. സംഘടനാ സെക്രട്ടറി ടിപി ശശികുമാർ അധ്യക്ഷതവഹിച്ചു. ചെയർമാൻ കെപി സുധീർ, പ്രവീൺ താനൂർ, ഷബീറലി, കുഞ്ഞിമുഹമ്മദ്, സിഎംസി കാദർ പറവണ്ണ, റമീഷാ, റഹിം കോഹിനൂർ, മുനീർ, ഷബീർ അരിക്കൻ തുടങ്ങിയവർ പങ്കെടുത്തു.