വാവ സുരേഷിന്റെ സ്നേക്ക് മാസ്റ്റര്‍ പരിപാടിക്ക് തടയിട്ട് വനംവകുപ്പ്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പാമ്പുകളെ പിടിപ്പിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള പരിപാടികള്‍ അടിയന്തരമായി നിര്‍ത്തണമെന്നാണ് വനംവകുപ്പിന്റെ അറിയിപ്പ്.
പരിപാടികള്‍ അടിയന്തരമായി നിര്‍ത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കൗമുദി ചാനല്‍ മാനേജിങ് ഡയറക്ടര്‍, മലയാളം കമ്മ്യൂണിക്കേഷന്‍സ് (കൈരളി) മാനേജിങ് ഡയറക്ടര്‍ എന്നിവര്‍ക്ക് എഴുതിയ കത്തില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളും, പരിക്കുകയും വ്യാപകമാണ്. അശാസ്ത്രീയമായ രീതിയില്‍ പാമ്പുകളെ പിടികൂടുന്നതും കൈകാര്യം ചെയ്യുന്നതും ഇത്തരം അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.
മനുഷ്യവാസ മേഖലകളില്‍ നിന്ന് പാമ്പുകളെ പിടികൂടി അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വിട്ടയക്കുന്ന പ്രക്രിയ കൃത്യവും ഉത്തരവാദിത്വപരവുമായ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ മാര്ഗനീര്ദേശം പുറത്തിറിക്കിയിട്ടുണ്ട്. ഇതനുസരിച്ച് പാമ്പുകളെ പിടികൂടി ആളുകള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുന്നതും, പ്രസിദ്ധിക്കായി മറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്ക്കുമതിരെ നിയമനടപടി സ്വീകരിക്കും.
ഇത്തരം പ്രവര്‍ത്തികള്‍ ദൃശ്യമാധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്നത് ജനങ്ങള്‍ക്ക് തെറ്റായ അറിവ് നല്‍കുന്നുവെന്നും, അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നുമുള്ള പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും വനംവകുപ്പിന്റെ കത്തില്‍ പറയുന്നു.
അതേസമയം, തനിക്കെതിരായ ചിലരുടെ ഹിഡന്‍ അജണ്ടയാണ് ഈ നീക്കത്തിന് പിന്നിലെന്നും, ശക്തമായി പ്രതികരിക്കുമെന്നും വാവ സുരേഷ് പ്രതികരിച്ചു. ഓണ്ലാന് മാധ്യമമായ ദി ക്യൂവിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വനംവകുപ്പിന്റെ പുതിയ നിബന്ധനകള്‍ കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്. കേരളം എന്ന് പറയുന്ന സംസ്ഥാനം ഇപ്പോള്‍ വേറൊരു ലോകത്താണ്. ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് പ്രകാരം മറ്റേതൊരു സംസ്ഥാനത്തും പാമ്പിനെ കൊകൊണ്ട് പിടിക്കുന്നത് കൊണ്ടോ വീഡിയോ എടുക്കുന്നത് കൊണ്ടോ ഒരു പ്രശ്നവുമില്ല. പക്ഷെ ഇവിടെ നമ്മള് ചെയ്യുന്നത് മറ്റ് ചില വ്യക്തികള്‍ക്ക് ചെയ്യാന്‍ പറ്റാത്തത് കൊണ്ട് ചില ഓഫീസര്‍മാര്‍ അവര്‍ക്ക് വേണ്ടി കുടപിടിക്കുകയാണ്. എനിക്കെതിരെ ഒരു ഹിഡന്‍ അജണ്ട തയ്യാറാക്കിയാണ് അവര്‍ മുന്നോട്ട് പോകുന്നത്. അതിന്റെ കാരണം എന്താണെന്ന് എനിക്കറിയില്ല’
എന്ന് അദ്ദേഹം പറഞ്ഞു.