റാന്നി: പത്തനംതിട്ടയില്‍ വോട്ടുചെയ്യാനെത്തിയ മൂന്നു പേര് വിവിധ സമയങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചു. പി.എം.മത്തായി, കെ.സി. കുട്ടായി, തങ്കപ്പന് എന്നിവരാണ് മരിച്ചത്. ഭാര്യയ്ക്കൊപ്പം വോട്ടു ചെയ്യാനെത്തിയ പി.എം.മത്തായി (കുഞ്ഞൂട്ടി-89) വോട്ടെടുപ്പു കേന്ദ്രത്തിലാണ് കുഴഞ്ഞു വീണു മരിച്ചത്.
ഇന്നലെ രാവിലെ 8 മണിയോടെ നാറാണംമൂഴി പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ഭാര്യ ഏലിയാമ്മയ്ക്കൊപ്പമാണ് മത്തായി വോട്ടു ചെയ്യാന്‍ കാറിലെത്തിയത്. സ്കൂളിലെ പടികള്‍ കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
റാന്നിയിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ വോട്ടു ചെയ്താണ് മടങ്ങിയത്. മത്തായിയുടെ സംസ്കാരം പിന്നീട്. മക്കള്‍: തോമാച്ചന് (യുഎസ്എ), റോസമ്മ, സൂസമ്മ, എല്‍സമ്മ, പരേതരായ രാജു, ജോയി. മരുമക്കള്‍: ജോര്‍ജുകുട്ടി, തമ്പി, ജോയിസ്, ദീനാമ്മ, മോളി, സൂസന്.
വോട്ട് ചെയ്ത് വീട്ടില്‍ മടങ്ങി എത്തിപ്പോഴാണ് കെ.സി. കുട്ടായി(83) ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചത്. കുറ്റൂര്‍ തലയാര്‍ കഴുത്തുംമൂട്ടില്‍ ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. കുറ്റൂര്‍ പഞ്ചായത്ത് 13-ാം വാര്‍ഡിലെ പോളിങ് സ്റ്റേഷനായ തെങ്ങേലി ഗവ.എല്‍പി സ്കൂളില്‍ വോട്ടു രേഖപ്പെടുത്തി മടങ്ങി എത്തിയ ഉടന്‍ തന്നെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ഭാര്യ: മഴുക്കീര്‍ ആലുംമൂട്ടില്‍ കുഞ്ഞമ്മ. മക്കള്‍: സജി, സുജ, കൊച്ചുമോള്, ജെസി, സ്മിത. മരുമക്കള്‍: റാന്നി കരിപ്പാല്‍ ലത, ഇടക്കുളം പ്ലാത്തോട്ടത്തില്‍ ജോസ്, റാന്നി ചരിവുകാലായില്‍ അനി, ഓതറ ഇളംകുറ്റൂര് ബിജു, ചേര്‍പ്പുങ്കല്‍ പടിഞ്ഞാറെ വരിക്കാട്ട് ജോസ്.
വോട്ടു ചെയ്ത ശേഷം മടങ്ങി വീട്ടിലെത്തിയപ്പോഴാണ് റാന്നി മുക്കാലുമണ്‍ ചരിവുപുരയിടത്തില്‍ (കിഴങ്ങുംകാലായില്) തങ്കപ്പനും(80) കുഴഞ്ഞു വീണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാഞ്ഞിരത്താമല സ്കൂളിലായിരുന്നു തങ്കപ്പന്റെ വോട്ട്.
മുക്കാലുമണ്‍ ജംക്ഷനിലെ കടയിലെത്തി ഒരു മണിക്കൂറോളം ഇരുന്ന ശേഷം 11 മണിയോടെയാണ് തങ്കപ്പന് വോട്ടു ചെയ്യാന്‍ പോയത്. തിരികെ കാറില്‍ വീട്ടില്‍ എത്തിക്കുകയും ചെയ്തു. പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. റാന്നി, പത്തനംതിട്ട എന്നീ ആശുപത്രികളില്‍ പ്രഥമ ശുശ്രൂഷ നല്കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കമലമ്മ. മക്കള്‍: സുഭാഷ്, സുജാത. മരുമക്കള്‍: രാധാമണി, മോഹനന്.