തിരുവനന്തപുരം: തര്‍ക്കത്തിനിടെ കാര്‍ യാത്രക്കാരുടെ ദേഹത്തേക്ക് തിളച്ച പാല് ഒഴിച്ച് ബേക്കറി ജീവനക്കാരന്. പോത്തന്‍കോട് മെലെമുക്കിലാണ് സംഭവം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇരുചക്ര വാഹന യാത്രക്കാരും കാര്‍ യാത്രക്കാരും തമ്മിലുള്ള വാക്കേറ്റത്തോടെയാണ് പ്രശ്നം ആരംഭിക്കുന്നത്. സ്ത്രീ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തില്‍ കാര്‍ തട്ടുകയായിരുന്നു. പിന്നാലെ ഈ സ്ത്രീയെ കാറിലുണ്ടായിരുന്ന മൂന്ന് പേര് ചേര്‍ന്ന് അസഭ്യം പറഞ്ഞു.
കന്യാകുളങ്ങരയില്‍ നിന്നുള്ളവരായിരുന്നു അവര്‍. ഇതോടെയാണ് നാട്ടുകാരും, മുന്നാസ് ബേക്കറിയുടെ ഉടമയും ജീവനക്കാരും പ്രശ്നത്തില്‍ ഇടപെട്ടത്. ഇത് ചോദ്യം ചെയ്ത് എത്തിയ നാട്ടുകാരോടും ബേക്കറി ജീവനക്കാരോടും കാറിലെ യാത്രക്കാര്‍ കയര്‍ത്തു.
വാക്കു തര്‍ക്കത്തിന് പിന്നാലെ പോയ കാര്‍ യാത്രക്കാര്‍ കൂടുതല്‍ ആളുകളുമായി ഇവിടേക്ക് തിരികെ എത്തി. ഈ സമയം ബേക്കറി ജീവനക്കാരില്‍ ഒരാള്‍ കാര്‍ യാത്രക്കാരുടെ ഫോട്ടോ എടുത്തു. ഇതില്‍ പ്രകോപിതരായ കാര്‍ യാത്രക്കാര്‍ ബേക്കറി അടിച്ച് തകര്‍ക്കുകയും, ബേക്കറി ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തു.
ഈ സമയമാണ് ബേക്കറി ജീവനക്കാരില്‍ ഒരാള്‍ തിളച്ച പാല് കാര്‍ യാത്രക്കാരില്‍ ഒരാളുടെ ദേഹത്തേക്ക് ഒഴിച്ചത്. കാര്‍ യാത്രക്കാര്‍ സൃഷ്ടിച്ച പ്രശ്നമാണ് ഇത്രയും വഷളായത് എന്ന് പോത്തന്‍കോട് പൊലീസ് പറഞ്ഞു. ഒരാളുടെ കഴുത്തിനും, പുറകിലുമായാണ് പൊള്ളലേറ്റിരിക്കുന്നത്.
ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമിച്ചെന്ന് ആരോപിച്ച് ബേക്കറി ജീവനക്കാരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തും.