പാലക്കാട്: ഈ തിരഞ്ഞെടുപ്പില്‍ രമ്യ ഹരിദാസ് എംപിയുടെ പാട്ടും പ്രസംഗവും ഇല്ല. ശുചിമുറിയില്‍ വീണ് ഇടതുകാലില്‍ പരുക്കേറ്റു ശസ്ത്രക്രിയ കഴിഞ്ഞ രമ്യ വീട്ടില്‍ വിശ്രമത്തിലാണ്. ഡിസംബര്‍ 18 വരെയാണ് ഡോക്ടര്‍മാര്‍ രമ്യ ഹരിദാസിന് വിശ്രമം നിര്‍ദേശിച്ചിരിക്കുന്നത്.
വാഹനത്തിലിരുന്നെങ്കിലും പ്രസംഗിക്കാന്‍ കുറച്ചു സ്ഥലത്തു പോകണമെന്നു കരുതിയിരുന്നുവെന്നും എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ പോകുമെന്നും രമ്യ പറഞ്ഞു. മത്സരത്തിനിറങ്ങുന്ന പലരും ‘എന്റെ നാട്ടിലും ഒന്നു വരണേ’ എന്നാവശ്യപ്പെട്ടിരുന്നുവെന്നും ‘ ഉറപ്പായും വരും ‘ എന്നു മറുപടി നല്‍കിയിരുന്നെങ്കിലും ഇങ്ങനെയായി എന്ന് രമ്യ കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും പാലക്കാട് കണ്ണന്നൂരിലെ വീട്ടിലിരുന്ന് തന്നാലാകുന്ന രീതിയില്‍ പ്രചാരണം നടത്തുന്നതായി രമ്യ പറയുന്നു. വിവിധ ജില്ലകളിലുള്ള സ്ഥാനാര്‍ഥികള്‍ക്കു വിജയാശംസയും വോട്ടഭ്യര്‍ഥനയും നടത്തുന്ന ഓഡിയോ, വിഡിയോ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.
പലരും കൂടെ വന്നു നിന്നു ചിത്രവും വിഡിയോയും പകര്‍ത്തിക്കൊണ്ടുപോകുന്നു. എംപിക്കു ബുദ്ധിമുട്ടാകാതിരിക്കാന്‍ പലരും സമയം പറഞ്ഞറിയിച്ചാണു വരവ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവരെ കാണുന്നു.തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആവേശം മറ്റാരേക്കാള്‍ തനിക്കറിയാമെന്ന് രമ്യ ഹരിദാസ് പറയുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായാണു രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം ആരംഭിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയായിരിക്കുമ്പോഴാണ് 28-ാം വയസ്സില്‍ ആദ്യ തിരഞ്ഞെടുപ്പിനിറങ്ങുന്നത്.
ജയിച്ച രമ്യ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി. ആ സ്ഥാനം രാജിവച്ചാണു ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ മത്സരത്തിനിറങ്ങുന്നതും വന്‍ ഭൂരിപക്ഷത്തില്‍ അട്ടിമറി വിജയം നേടുന്നതും. രമ്യ ഹരിദാസിന്റെ പാട്ട് തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണആയുധമായിരുന്നു.