പത്തനംതിട്ട: ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ രോഗിയെ ചികിത്സ നല്‍കാതെ മടക്കി അയച്ചെന്ന് ആക്ഷേപം. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നേത്രവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പരാതിയുമായി രോഗികള്‍ രംഗത്തെത്തി. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള കുത്തിവെപ്പ് എടുക്കുകയും കണ്പീലി നീക്കം ചെയ്യുകയും ചെയ്തതിന് ശേഷമാണ് രോഗിയെ മടക്കി അയച്ചത്.
കോന്നി അരുവാപ്പുലം സ്വദേശിയ്ക്കാണ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും മോശം അനുഭവമുണ്ടായത്. ജൂലൈ പത്തിനാണ് നേത്ര വിഭാഗത്തില്‍ ചികിത്സ തേടി ഇയാള്‍ ഹോസ്പിറ്റലില്‍ എത്തിയത്. ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചതിനാല്‍ രാവിലെ ആശുപത്രിയിലെത്തി. എന്നാല്‍, മൈക്രോസ്കോപ് തകരാറിലാണെന്നും പുതിയ തീയതി പിന്നീട് അറിയിക്കാമെന്നും പറഞ്ഞ് അധികൃതര്‍ ഇയാളെ തിരിച്ചയക്കുകയായിരുന്നു.
പിന്നീട് ചൊവ്വാഴ്ച ശസ്ക്രിയ നടത്തുമെന്നും അതിനാല്‍ തിങ്കളാഴ്ച എത്തണമെന്നും അറിയിച്ചു. തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇയാള്‍ക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള കുത്തിവെയ്പ്പ് എടുക്കുകയും കണ്പീലി നീക്കം ചെയ്യുകയും ചെയ്തു. ശേഷം മൈക്രോസ്കോപ് തകരാറിലായതിനാല്‍ ശസ്ത്രക്രിയാ നടത്താന്‍ കഴിയില്ലെന്നും തീയതി പിന്നീട് അറിയിക്കാമെന്നും പറഞ്ഞ് ഡോക്ടര്‍ വീണ്ടും ഇയാളെ തിരിച്ചയച്ചു.
ഇതിന് മുമ്പും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നേത്രവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പരാതികളുയര്‍ന്നിരുന്നു. എന്നാല്‍ ഉപകരണങ്ങള്‍ തകരാറിലായതാണ് ശസ്ത്രക്രിയ മാറ്റിവെയ്ക്കാന്‍ കാരണമെന്നും ഇത് പരിഹരിച്ചാല്‍ മാത്രമേ ശസ്ത്രക്രിയ തുടങ്ങാനാവൂ എന്നും സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സോജന് മാത്യൂസ് പറഞ്ഞു.