ആലപ്പുഴ: സംഭവിച്ചിട്ടില്ലാത്ത തട്ടിക്കൊണ്ട് പോകല്‍ നാടകത്തിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ചാലക്കുടി സ്വദേശി ദിലീപ് നാരായണന്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചാലക്കുടി സ്വദേശിയായ ദിലീപ് നാരായണനെ തേടി പോലീസ് വീട്ടിലെത്തുന്നത്. സംഭവം വേറൊന്നുമല്ല. ആലപ്പുഴ ആദിക്കാട്ടുകുളങ്ങര സ്വദേശിയായ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്നായിരുന്നു ദിലീപിനെതിരെയുള്ള പരാതി.
സംഭവം ഇങ്ങനെ….
ആലപ്പുഴ നൂറനാട് സ്വദേശിയായ ഒന്‍പതാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന കള്ളപ്പരാതിയുടെ പേരിലാണ് ചാലക്കുടി സ്വദേശിയായ ദിലീപ് വെട്ടിലായത്. തന്നെ കറുത്ത ജീപ്പില്‍ വന്ന ഒരാള്‍ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ചെന്നും, അവിടെ നിന്ന് ഓടി രക്ഷപ്പെട്ട് അടുത്തുള്ള ഒരു വീട്ടില്‍ കയറിയെന്നും പറഞ്ഞ കുട്ടി വാഹനത്തിന്റെ നമ്പര്‍ നാട്ടുകാരോടും നൂറനാട് പോലീസിനോടും പറഞ്ഞു.
പിന്നീട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ വാഹനം ചാലക്കുടി സ്വദേശിയുടേതാണെന്ന് കണ്ടെത്തി. വാഹന ഉടമയുടെ വീട്ടിലെത്തിയ ചാലക്കുടി പോലീസ് വണ്ടിയും ഉടമയും വീട്ടില്‍ തന്നെയുണ്ടെന്ന് നൂറനാട് പോലീസിനെ അറിയിച്ചു.
പിന്നീട് സംഭവത്തില്‍ സംശയം തോന്നിയ പോലീസ് ഒന്‍പതാംക്ലാസുകാരനെ വീണ്ടും ചോദ്യം ചെയ്തു. ഇതോടെയാണ് യഥാര്‍ത്ഥ സംഭവം പുറത്തു വന്നത്. സ്കൂളില്‍ പോകാന്‍ ഇഷ്ടമില്ലാത്തതിനാല്‍ കൂട്ടുകാരന് പറഞ്ഞു കൊടുത്ത മാര്ഗ്ഗമായിരുന്നത്രേ തട്ടിക്കൊണ്ടു പോകല്‍ നാടകം. വിദ്യാര്‍ത്ഥി ഭാവനയില്‍ സൃഷ്ടിച്ചതായിരുന്നു വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍. എന്തായാലും പുലിവാല് പിടിച്ച് നെട്ടോട്ടത്തിലാണ് ദിലീപ് നാരായണനെന്ന ചാലക്കുടിക്കാരന്‍.
ഇതിനിടെ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് നാട്ടുകാരിലൊരാള്‍ ചിത്രീകരിച്ച വീഡിയോ വൈറലായി. ഇതോടെ ജീപ്പുമായി പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് വാഹന ഉടമയായ ദിലീപ്.