കൊടുങ്ങല്ലൂര്‍: തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ അമിത വേഗതയില്‍ വന്ന ലോറി അപഹരിച്ചത് രണ്ട് ജീവനുകള്‍. സ്കൂട്ടിയില്‍ വരികയായിരുന്ന അമ്മയും മകളുമാണ് മരണപ്പെട്ടത്. കൊടുങ്ങല്ലൂര്‍ കറപ്പംവീട്ടില്‍ ഹുസൈന്റെ ഭാര്യ നദീറ (60), മകള്‍ നിഷ (39) എന്നിവരാണ് മരിച്ചത്.
മീന്‍ കയറ്റി വന്ന ലോറി അമിത വേഗതയിലാണ് വന്നത്. നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് ഉച്ചയോടെയാണ് സംഭവം. തെറിച്ചുവീണ നദീറ തല്‍ക്ഷണം മരിച്ചു. മകള്‍ നിഷ ആശുപത്രിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്.
സ്കൂട്ടറിനെയും ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ട ലോറി തൊട്ടരികിലൂടെ പോയിരുന്ന കാറിനെയും ഇടിച്ച് തൊട്ടടുത്തുള്ള വീടിന്റെ മതിലില്‍ ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ മതില് തകര്‍ന്നിട്ടുണ്ട്.